‘അസുഖ ബാധിതനായിരുന്നപ്പോഴും ഭാരത് ജോഡോ യാത്രക്കെത്തി’; ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ രാഹുല്‍ ഗാന്ധി

മലപ്പുറം: രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽനിന്നാണ് ഉയർന്നുവരേണ്ടതെന്നും ഉമ്മൻചാണ്ടി അത്തരത്തിൽ ഉയർന്നുവന്ന ഒരാളാണെന്നും രാഹുൽ ഗാന്ധി. മുതിർന്ന നേതാവായിരുന്ന അദ്ദേഹത്തില്‍ നിന്ന് ധാരാളം മാർഗനിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങളെ അദ്ദേഹത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. കോട്ടയ്ക്കലിൽ ചികിത്സയിൽ കഴിയവെയാണ് മലപ്പുറം ഡിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തില്‍ അപ്രതീക്ഷിതമായി രാഹുല്‍ഗാന്ധി എത്തിയത്.
കേരളത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോയപ്പോള്‍ അസുഖ ബാധിതനായിട്ടും കൂടെ നടക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി തടയാന്‍ ശ്രമിച്ചപ്പോഴും നിരസിച്ച് യാത്രയില്‍ തനിക്കൊപ്പം നടന്നു. ഉമ്മൻചാണ്ടിയുടെ വഴിയെ നടക്കാൻ യുവാക്കൾക്കു കഴിയണം. അത്തരം നേതാക്കളെ ആവശ്യമുള്ള നാടാണിത്. അദ്ദേഹത്തെപ്പോലെയുള്ള വലിയ നേതാവിനെക്കുറിച്ച് സംസാരിക്കാനായതുതന്നെ വലിയ കാര്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, ചാണ്ടി ഉമ്മന്‍ തുടങ്ങിയവരും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here