കോൺഗ്രസിൻ്റെ തോൽവിയും ജിലേബിയും… മധുര പലഹാരവും ഹരിയാന തിരഞ്ഞെടുപ്പും തമ്മിലെന്ത് ബന്ധം?

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ പ്രധാന ആയുധമായിരുന്നു ഹരിയാനയിലെ ഗൊഹാനയിലെ പ്രശസ്തമായ ജിലേബികൾ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയാണ് ജിലേബിയെ തിരഞ്ഞെടുപ്പ് വിഷയമായി ആദ്യം ഉയർത്തിക്കാട്ടിയത്. ഈ മധുര വൻതോതിൽ നിർമ്മിക്കാനും കയറ്റുമതി ചെയ്യുമെന്നുമാണ് അദ്ദേഹം പ്രസംഗത്തിൽ ആഹ്വാനം ചെയ്തത്. ഇതിനെതിരെ പരിഹാസവുമായി ബിജെപിയും രംഗത്ത് വന്നിരുന്നു.

ഗോഹാനയിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത രാഹുൽ ജിലേബി അടങ്ങിയ പെട്ടി ഉയർത്തിക്കാട്ടി നടത്തിയ ആഹ്വാനം തിരഞ്ഞെടുപ്പിന് ശേഷവും കൗതുകം സൃഷ്ടിക്കുകയാണ്. ഹരിയാനയിൽ നിന്നുള്ള ജിലേബികൾ രാജ്യത്തുടനീളം വിൽക്കുകയും വിദേശത്തേക്ക് കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു രാഹുലിൻ്റെ പ്രസ്താവന. ഇതിനെതിരെ പരിഹാസവുമായി ബിജെപി രംഗത്ത് വന്നെങ്കിലും കോൺഗ്രസ് രാഹുലിൻ്റെ പ്രസ്താവനയ്ക്ക് പ്രതിരോധം തീർത്തിരുന്നു.

രാഹുൽ ഗാന്ധി യുഎസിൽ ഒരു ജിലേബി ഫാക്ടറി സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ജിലേബികൾ എങ്ങനെ നിർമ്മിക്കുന്നു. അവ എങ്ങനെ വിൽക്കുന്നുവെന്നും ഒന്ന് മനസ്സിലാക്കണം എന്നായിയിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗത്തിന് പിന്നാലെ മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദിൻ്റെ പ്രതികരണം. ഗൊഹാന ജിലേബി തനിക്കും ഇഷ്ടമാണെന്നും
മധുരപലഹാരം എങ്ങനെ തയ്യാറാക്കി എന്നതിനെക്കുറിച്ച് തനിക്ക് ഒരു പിടിയും ഇല്ലെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. രാഹുലിന് പ്രസംഗം എഴുതിക്കൊടുത്തവർ അതുകൂടി ഒന്ന് വിശദീകരിച്ച് കൊടുക്കണമായിരുന്നു എന്നും രവി ശങ്കർ പ്രസാദ് പറഞ്ഞു.

ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനത്തിൻ്റെ ആദ്യഘട്ടത്തിൽ കോൺഗ്രസ് മുന്നേറ്റം എന്നുള്ള സൂചനകളാണ് ലഭിച്ചത്. വിജയാഘോഷം തുടങ്ങിയ നേതാക്കളും പ്രവർത്തകരും ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് ജിലേബികൾ വിതരണം ചെയ്തു. എന്നാൽ അവസാനഘട്ടത്തിൽ ലീഡ് നില തിരികെപ്പിടിച്ച ബിജെപി തുടർച്ചയായി മൂന്നാം തവണ അധികാരമുറപ്പിക്കുകയും ചെയ്തു. പിന്നാലെ കോൺഗ്രസിനെ ട്രോളി പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി. പാർട്ടി ആസ്ഥാനത്ത് നടക്കുന്ന പ്രൗഡഗംഭീരമായ ആഘോഷത്തിന് ജിലേബിക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

തൊണ്ണൂറു സീറ്റുകളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 49 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. എക്സിറ്റ് പോളുകളെല്ലാം വൻ മുന്നേറ്റം പ്രവചിച്ച കോൺഗ്രസ് 35 സീറ്റുകളിലും വിജയിച്ചു. വോട്ടെണ്ണത്തിൻ്റെ തുടക്കത്തിൽ സർവേ ഫലങ്ങളെ ശരിവയ്ക്കുന്ന തരത്തിൽ കോൺഗ്രസ് മുന്നേറ്റമാണ് ഉണ്ടായത്. എന്നാൽ അവസാനഘട്ടത്തിൽ ചിത്രം മാറുകയായിരുന്നു. ലീഡ് നില തിരികെപ്പിടിച്ച ബിജെപി കേവല ഭൂരിപക്ഷവും കടന്ന് അധികാരം നിലനിർത്തുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top