‘2,100 കോടിയുടെ അഴിമതിയിൽ മോദിക്കും പങ്ക്’: ഇന്ത്യൻ നിയമവും അമേരിക്കൻ നിയമവും ലംഘിച്ച അദാനി രാജ്യത്ത് സ്വതന്ത്രനെന്ന് രാഹുൽ ഗാന്ധി
ഗൗതം അദാനി ഇന്ത്യൻ നിയമവും അമേരിക്കൻ നിയമവും ലംഘിച്ചെന്ന് തെളിഞ്ഞതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുൽ ആഞ്ഞടിച്ചു. മോദിക്കും അഴിമതിയിൽ പങ്കുണ്ട്. പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല. രാജ്യത്ത് അദാനി ഇപ്പോഴും രാജ്യത്ത് സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സെബി ചെയർപേഴ്‌സൺ മാധബി ബുച്ച് അദാനിയുടെ സംരക്ഷകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മോദി അദാനിയെ സംരക്ഷിക്കുകയാണ്. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ വിഷയം ഉന്നയിക്കും. ഗൗതം അദാനിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിൻ്റെ സംരക്ഷകയായ മാധബി പുരി ബച്ചിനെതിരെ അന്വേഷണം നടത്തണമെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ആര് കുറ്റം ചെയ്താലും ജയിലിൽ ഇടുമെന്ന് പറഞ്ഞ മോദി അദാനിക്കെതിരെ നടപടിക്ക് തയ്യാറാവുന്നില്ല. മോദിക്ക് ഇനി നടപടി എടുക്കണം എന്നുണ്ടെങ്കിലും നടക്കില്ല. കാരണം മോദിയെ സംരക്ഷിക്കുന്നതും അദാനിയാണ്. ഈ അഴിമതിയിൽ ആർക്കൊക്കെ പങ്കുണ്ടെങ്കിലും അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടീശ്വരനായ ഗൗതം അദാനിക്കെതിരായ തൻ്റെ ദീർഘകാല ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് സമീപകാല സംഭവവികാസങ്ങളെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി അവകാശപ്പെട്ടു. അമേരിക്കയിലെ ന്യൂയോർക്ക് കോടതിയിൽ അദാനിക്കെതിരെ അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
Also Read: അംബാനിയെ വെട്ടി അദാനി; ചൈനയെ വെട്ടി ഇന്ത്യ; അതിസമ്പന്നരില്‍ റെക്കോർഡ്
ഊര്‍ജ പദ്ധതി കരാറുകള്‍ ലഭിക്കാന്‍ കോടികള്‍ കൈക്കൂലി നല്‍കിയതിനാണ് കേസ്. ന്യൂയോർക്കിലെ യുഎസ് അറ്റോർണി ഓഫീസാണ് അദാനിക്കെതിരായി കുറ്റപത്രം സമർപ്പിച്ചത്. ഗൗതം അദാനിയും ബന്ധു സാഗർ അദാനിയും ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ. അഴിമതി, വഞ്ചന,ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സൗരോർജ്ജ കരാറുകൾക്ക് അനുകൂലമായ വ്യവസ്ഥകൾക്ക് പകരമായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ യുഎസ് ഡോളർ (ഏകദേശം 2,100 കോടി രൂപ ) കൈക്കൂലി നൽകിയെന്നാണ് ആരോപണം. അതേസമയം ആരോപണം അദാനി ഗ്രൂപ്പ് ഇന്ന് തള്ളി. അടിസ്ഥാന രഹിതമെന്നാണ് കമ്പനിയുടെ പ്രതികരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here