‘ചൈനക്ക് അടിയറവച്ചു’; ഇന്ത്യയെയും അമേരിക്കയെയും വിമർശിച്ച് രാഹുൽ ഗാന്ധി
ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും വ്യാവസായിക രംഗത്തെ മേധാവിത്വം ചൈനക്ക് വിട്ടുകൊടുത്തെന്ന വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലഡാക്കിൽ ഡൽഹിയുടെ വലിപ്പമുള്ള ഭൂമി ചൈനീസ് സൈന്യം കൈവശപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഇതൊരു ദുരന്തത്തിന് സമാനമായ പ്രവൃത്തിയാണ്. ഇന്ത്യ-ചൈന അതിർത്തി പ്രശ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ല. അകാരണമായിട്ടാണ് ചൈന രാജ്യത്തിൻ്റെ ഭൂമിയിലേക്ക് നുഴഞ്ഞു കയറിയതെന്നും രാഹുൽ കുറ്റപ്പെടുത്തി.
അമേരിക്ക, ഇന്ത്യ തുടങ്ങിയ ജനാധിപത്യ രാജ്യങ്ങൾ ഉൽപ്പാദനമേഖലയിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ചൈനയുടെ കുത്തക അവസാനിപ്പിക്കുന്നത് വഴി നിർണായകമായ തന്ത്രപരവും സാമ്പത്തികവുമായ നേട്ടമുണ്ടാകുമെന്നും അമേരിക്കൻ സന്ദർശനത്തിൽ രാഹുൽ പറഞ്ഞു.
ഇന്ത്യയെപ്പോലുള്ള ഒരു രാജ്യം ഉൽപ്പാദനത്തെ അവഗണിച്ച് സേവന സമ്പദ്‌വ്യവസ്ഥ മാത്രം പ്രവർത്തിപ്പിക്കുമെന്ന് പറയുന്ന നിലപാട് ശരിയല്ല. അത് തൊഴിൽ സാധ്യതകൾ ഇല്ലാതാക്കും. അമേരിക്കയും ഇന്ത്യയും ആഗോള സമ്പദ്‌വ്യവസ്ഥയിൽ പ്രത്യേകിച്ച് ഉൽപാദന മേഖലയിലുള്ള പങ്ക് വർധിപ്പിക്കുന്ന കാര്യം ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎസ് പര്യടനത്തിൻ്റെ മൂന്നാം ദിവസവും ബിജെപിയെയും ആർഎസ്എസിനെയും കോൺഗ്രസ് നേതാവ് കടന്നാക്രമിച്ചു. ബിജെപിക്കെതിരെ കോൺഗ്രസിൻ്റെ പോരാട്ടം രാജ്യത്തിൻ്റെ നല്ല ഭാവിക്കു വേണ്ടിയുള്ള വ്യത്യസ്ത ആശയങ്ങൾ തമ്മിലുള്ള മത്സരമാണ്. 26 പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇൻഡ്യ മുന്നണിയുടെ നിലപാടിനെക്കുറിച്ചും രാഹുൽ വിശദീകരിച്ചു. ബിജെപിയുടെ ഏകാധിപത്യത്തിനും കേന്ദ്രീകൃത അജണ്ടയിൽ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടാണ് മുന്നണിക്കുള്ളത്. ആർഎസ്എസിന് ഇപ്പോഴും ഇന്ത്യയുടെ മനസ് മനസിലായിട്ടില്ല. ചില സംസ്ഥാനങ്ങളിൽ ഉള്ളവർ താഴ്ന്നവരാണ് എന്ന് ഇപ്പോഴും വിശേഷിപ്പിക്കുന്നത് അതിനാലാണെന്നും രാഹുൽ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here