ചൈനീസ് കയ്യേറ്റം പ്രധാനമന്ത്രി വിശദീകരിക്കണം

ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈന പുതിയ മാപ്പ് പുറത്തിറക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്ന് രാഹുൽ ഗാന്ധി എംപി. അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങളും , ലഡാക്കിലെ അക്‌സായി ചിന്നും ചൈനീസ് പ്രദേശങ്ങളായി ഉൾപ്പെടുത്തിയ മാപ്പാണ് ചൈന തിങ്കളാഴ്ച പുറത്തുവിട്ടത്. രാജ്യത്താകെ ഇതിൽ പ്രതിഷേധം ഉയർന്നിരുന്നു.
ലഡാക്കിൽ ഇന്ത്യയുടെ ഒരു ഇഞ്ച് ഭൂമിപോലും നഷ്ടമാകില്ലെന്ന പ്രധാനമന്ത്രിയുടെ വാദം കള്ളമാണെന്ന് ഇതോടെ തെളിഞ്ഞതായി രാഹുൽ ഗാന്ധി പറഞ്ഞു. പ്രശ്നത്തിൽ ഇനിയെങ്കിലും വിശദീകരണം നൽകാൻ പ്രധാനമന്ത്രി തയ്യാറാകണം. ലഡാക്കിൽ ചൈനയുടെ കൈയ്യേറ്റം നടന്നതായി അവിടുത്തെ ജനങ്ങൾക്ക് അറിയുന്നതാണ്. ഇത് മുൻപും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോഴത്തെ ഈ നീക്കം ഗൗരവമായി കാണണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങ് വരാനിരിക്കെയാണ് ചൈനയുടെ ഈ നീക്കം. ഇങ്ങനെയൊരു അവസരത്തിൽ ചൈനീസ് പ്രസിഡന്റിനെ ജി20യിലേക്ക് ക്ഷണിക്കണമോയെന്ന് ബിജെപി സർക്കാർ ആലോചിക്കണമെന്ന് നേരത്തെ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ കോൺഗ്രസ് വക്താവ് മനീഷ് തിവാരി പരസ്യമായി രംഗത്തെത്തിയതുമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here