അംബാനിയുടെ ആഡംബര കല്യാണത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഗാന്ധി; വ്യത്യസ്തനായ രാഷ്ട്രീയക്കാരനെന്ന് സോഷ്യല്‍ മീഡിയ
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഡംബര കല്യാണമെന്ന് കൊട്ടിഘോഷിക്കപ്പെട്ട മുകേഷ് അംബാനി കുടംബത്തിന്റെ വിവാഹ ചടങ്ങില്‍ നിന്ന് രാഹുല്‍ ഗാന്ധിയും കുടുംബവും വിട്ടു നിന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രാജ്യത്തെ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സിനിമാ – സ്‌പോര്‍ട്സ് താരങ്ങള്‍ എന്ന് വേണ്ട സമസ്ത മേഖലയില്‍പ്പെട്ട വിവിഐപികള്‍ നിരനിരയായി പങ്കെടുത്ത ചടങ്ങില്‍ നിന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ വിട്ടുനിന്നത്. ദിവസങ്ങള്‍ക്ക് മുമ്പ്, മുകേഷ് അംബാനി സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ ജന്‍പഥിലെ വസതിയില്‍ സന്ദര്‍ശിച്ച് എല്ലാവരെയും മകന്റെ വിവാഹത്തിന് വ്യക്തിപരമായി ക്ഷണിച്ചിരുന്നു.എന്നിട്ടുമെന്തേ രാഹുല്‍ പങ്കെടുക്കാതെ വിട്ടു നിന്നു എന്നാണ് കക്ഷി രാഷട്രീയ ഭേദമില്ലാതെ എല്ലാവരും അന്വേഷിക്കുന്നത്.
‘പണക്കൊഴുപ്പിന്റെ അശ്ലീലത നിറഞ്ഞ കല്യാണത്തില്‍ നിന്ന് വിട്ടു നിന്ന രാഹുല്‍ ഗാന്ധി തന്റെ നിലവാരം ഉയര്‍ത്തിപ്പിടിച്ചു’ എന്നാണ് സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭുഷണ്‍ എക്‌സില്‍ കുറിച്ചത്.
മുകേഷ് അംബാനിയുടെ മകന്‍ അനന്തിന്റെ വിവാഹം നടന്ന ദിവസം ഡല്‍ഹിയിലെ ഒരു റസ്റ്റൊറന്റില്‍ പിസ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റസ്റ്ററന്റില്‍ എത്തിയ ഉപഭോക്താക്കളില്‍ ഒരാളാണ് വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയിലിട്ടത്. നീല ടീ ഷര്‍ട്ട് ധരിച്ച് പിസയ്ക്കു കാത്തിരിക്കുന്ന അദ്ദേഹം ആരോടോ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
എല്ലാവരും മുംബൈയില്‍ അംബാനി കുടുംബത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കൂമ്പോള്‍ ഈ മനുഷ്യന്‍ സാധാരണക്കാര്‍ക്കൊപ്പം ആഹാരം കഴിക്കാന്‍ കാത്തിരിക്കുന്നു എന്നൊക്കെയുള്ള കമന്റുകളോടെയാണ് പലരും ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വിവാഹത്തില്‍ പങ്കെടുത്തില്ലെങ്കിലും നവദമ്പതികളെ ആശംസിച്ചു കൊണ്ട് സോണിയാ ഗാന്ധി വ്യക്തിപരമായി സന്ദേശം അയച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
അംബാനിയുടെ വിവാഹത്തിന് പോകേണ്ടതില്ലെന്ന തീരുമാനം ഗാന്ധി കുടുംബത്തിന്റേതാണെന്നും അതിനെക്കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്നുമാണ് എഐസിസി വക്താവ് സന്ദീപ് കുമാര്‍ പറഞ്ഞു. പറയുന്നതും പ്രസംഗിക്കുന്നതും ജീവിതത്തില്‍ നടപ്പാക്കണമെന്ന് നിഷ്ഠയുള്ളവരാണ് ഗാന്ധി കുടുംബമെന്ന് അദ്ദേഹം പ്രതികരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here