‘മൻമോഹനെ അവഹേളിച്ച് പുതുവത്സരം ആഘോഷിക്കാൻ രാഹുൽ വിയറ്റ്നാമിലേക്ക്’; ദുഖാചരണം നിലനിൽക്കേയുള്ള വിദേശയാത്ര വിവാദമാക്കി ബിജെപി

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനം വിവാദമാക്കി ബിജെപി. മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിൻ്റെ ചിതയുടെ ചൂടാറുംമുമ്പേ പുതുവത്സരം ആഘോഷിക്കാൻ പോയെന്നാണ്‌ കുറ്റപ്പെടുത്തൽ. ഡിസംബർ 26 മുതൽ ജനുവരി ഒന്നുവരെ രാജ്യമൊട്ടാകെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചതിന് ഇടയിലാണ് രാഹുലിൻ്റെ സന്ദർശനം.

ഭരണഘടനാ പദവിയിലുള്ള രാഹുലിൻ്റെ സന്ദർശനം ആയുധമാക്കി കോൺഗ്രസിനെതിരെ ആക്രമണം അഴിച്ചുവിടുകയാണ് ബിജെപി.
മൻമോഹൻ സിംഗിൻ്റെ സ്മാരകത്തിനായി തീരുമാനിച്ച കിസാൻ ഘട്ടിൽ അദ്ദേഹത്തിൻ്റെ സംസ്കാര ചടങ്ങുകൾ നടത്താത്തതിന് കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ പുതിയ നീക്കം.

നിഗംബോധ് ഘട്ടിൽ ചടങ്ങുകൾ സംഘടിപ്പിച്ചതിലൂടെ ബിജെപി സിംഗിനെ അപമാനിച്ചെന്ന് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇത് രാജ്യത്തിൻ്റെ ആദ്യ സിഖ് പ്രധാനമന്ത്രിക്ക് അപമാനമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. കോൺഗ്രസിൻ്റെ ആരോപണത്തിനെതിരെ മൻമോഹൻ സിംഗിൻ്റെ ചിതാഭസ്മ നിമഞ്ജന ചടങ്ങുകൾ ചൂണ്ടിക്കാട്ടി ബിജെപി തിരിച്ചടിച്ചിരുന്നു. ചടങ്ങിൽ നെഹ്രു കുടുംബത്തിൽ നിന്നോ കോൺഗ്രസ് പാർട്ടിയിൽ നിന്നോ ആരും പങ്കെടുത്തില്ല. ഇത് മുൻ പ്രധാനമന്ത്രിയെ അപമാനിക്കുനതിന് തുല്യമാണെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു.


ചിതാഭസ്മം നിമഞ്ജനം ചെയ്യുന്നത് തികച്ചും സ്വകാര്യമായ ചടങ്ങായിരിക്കണമെന്ന് മൻമോഹൻ്റെ കുടുംബം ആഗ്രഹിച്ചിരുന്നുവെന്നും അതിനാലാണ് ഉന്നത നേതാക്കൾ വിട്ടുനിന്നതെന്നുമാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top