തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെ ഇറക്കി കോൺഗ്രസ് നീക്കം; ലക്ഷ്യം കേരളത്തിലെ 20സീറ്റ് 

ലോക്സഭാ തെരഞ്ഞെടുപ്പിനായി കേരളത്തിൽ ഒരുമുഴം മുന്നേ എറിഞ്ഞ് കോൺഗ്രസ്.
കർണാടകയിൽ കോൺഗ്രസിനെ വൻ വിജയത്തിലേക്ക് നയിച്ച തിരഞ്ഞെടുപ്പ് തന്ത്രഞ്ജൻ സുനിൽ കനുഗോളുവിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും സർവേ തുടങ്ങി. അയോഗ്യത നീങ്ങി രാഹുൽ ഗാന്ധി പാർലമെൻ്റിൽ എത്തിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞ ആഴ്ച ആണ് രഹസ്യ സർവ്വേയ്ക്ക് അന്തിമരൂപം നൽകിയത്.

രാഹുൽ ഗാന്ധിക്ക് ആവശ്യമെങ്കിൽ വയനാടിന് പുറമേ മറ്റൊരു സുരക്ഷിതമണ്ഡലം കൂടി കണ്ടെത്താനാണ് നീക്കം. തലസ്ഥാന മണ്ഡലമായ തിരുവനന്തപുരത്തിൻ്റെ സാധ്യതകളാണ് ഇതിനായി വിലയിരുത്തുന്നത്. ഏറ്റവും അധികം വിദ്യാസമ്പന്നരുടെ മണ്ഡലമായ തിരുവനന്തപുരത്ത് വോട്ടർമാരിൽ നല്ലൊരു വിഭാഗം യുവജനങ്ങളാണ്. ഇത് പൊതുവേ രാഹുൽ തരംഗം സൃഷ്ടിക്കും. നേരത്തെ ശശി തരൂരിൻ്റെ മിന്നുന്ന വിജയത്തിനും ഈ ഘടകം കാരണമായി. രാഹുൽ ഗാന്ധിയ്ക്കായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടാൽ ശശി തരൂർ കോഴിക്കോടോ, വയനാടോ മൽത്സരിക്കാനാണ് സാധ്യത.

തെക്കേ ഇന്ത്യയിൽ കർണാടക കഴിഞ്ഞാൽ കോൺഗ്രസിന് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനമാണ് കേരളം. കൂടാതെ രാഹുൽ ഗാന്ധിയുടെ മണ്ഡലവും ഇവിടെ ആണെന്നുള്ളതും പരിഗണിച്ചാണ് കനുഗോലുവിന്റെ നേതൃത്വത്തിലുള്ള mindshare analytics കേരളത്തിൽ പഠനം തുടങ്ങിയത് . 2014 ൽ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോറിന്റെ ഐ പാക്കിനൊപ്പം പ്രവർത്തിച്ച് മികവ് തെളിയിച്ച വ്യക്തിയാണ് കനഗോളു. രാഷ്ട്രീയ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തന്നെ മാറ്റിമറിച്ച ഭാരത് ജോഡോ യാത്രയ്ക്കു പിന്നിലെ ബുദ്ധികേന്ദ്രം കനൂഗോലു ആയിരുന്നു. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഖെ വിളിച്ച ഉന്നതതല യോഗത്തിൽ കനുഗോലു പങ്കെടുത്തിരുന്നു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ നേരിട്ട് ബന്ധപ്പെടാതെ ആണ് കനഗോളു സംഘത്തിൻ്റെ പ്രവർത്തനം. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, പി. ചിദംബരം തുടങ്ങിയ മുതിർന്ന നേതാക്കളടങ്ങിയ ഉന്നത തല സംഘമാണ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. സുനിൽ കനഗോളു ഇപ്പോൾ കർണാടക സർക്കാരിൻ്റെ ഉപദേഷ്ടാവാണ്.

Logo
X
Top