ലാറ്ററല്‍ എന്‍ട്രി തീരുമാനം പിന്‍വലിച്ചത് രാഹുലിന് രാഷ്ടീയ നേട്ടം; ഇന്ത്യാ മുന്നണിക്ക് പിന്നാക്ക വിഭാഗങ്ങളില്‍ സ്വീകാര്യത കൂടും

കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത തസ്തികകളിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെ നിയമനം നടത്താനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടേയും ഇന്ത്യാ മുന്നണിയുടേയും വിജയമായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷനേതാവ് എന്ന നിലയിലുള്ള രാഹുലിന്റെ ഗംഭീര നേട്ടമായി കോണ്‍ഗ്രസ് ആഘോഷിക്കുകയാണ്.

കേന്ദ്രത്തിലെ പ്രധാനപ്പെട്ട 45 തസ്തികളിലേക്ക് സംവരണം ഒഴിവാക്കി നേരിട്ട് നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കമാണ് പ്രതിപക്ഷ മുന്നണിയുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് യുപിഎസ്‌സി റദ്ദാക്കിയത്. പ്രതിപക്ഷ മുന്നണിയുടേയും ദലിത് സംഘടനകളുടേയും കടുത്ത പ്രതിഷേധത്തിന് പുറമെ എന്‍ഡിഎ ഘടകകക്ഷിയായ ലോക് ജന്‍ശക്തി (റാം വിലാസ് പാസ്വാന്‍) യുടെ മന്ത്രിയായ ചിരാഗ് പാസ്വാനും ലാറ്ററല്‍ എന്‍ട്രി നീക്കത്തെ എതിര്‍ത്തതും ബിജെപിക്ക് തിരിച്ചടിയായി. മറ്റൊരു ഘടകകക്ഷിയായ ജനതാദള്‍(യു) ഈ നീക്കത്തിനെതിരെ രംഗത്ത് വന്നതോടെ പിന്‍മാറാതെ നിവര്‍ത്തിയില്ലെന്ന അവസ്ഥ വന്നു. സംവരണം പാലിക്കാതെ ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി തസ്തികകളിലേക്ക് സ്വകാര്യ മേഖലയിലെ വിദഗ്ധരെ നിയമിക്കാനാണ് യുപിഎസ് സി വിജ്ഞാപനം ഇറക്കിയത്.

സംവരണവ്യവസ്ഥകള്‍ അട്ടിമറിച്ച് ആര്‍എസ്എസ് അനുഭാവികളെ സര്‍ക്കാര്‍ സര്‍വീസുകളില്‍ തിരുകി കയറ്റാനുള്ള നീക്കത്തിനെതിരെ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വിമര്‍ശനത്തിന്റെ കുന്തമുന സര്‍ക്കാരിനെതിരെ തിരിച്ചുവിട്ടിരുന്നു. ഇതിനുപുറമെ എസ്പി, ബിഎസ്പി, ഡിഎംകെ എന്നീ കക്ഷികളും വലിയ പ്രതിഷേധം ഉയര്‍ത്തി. ഭരണഘടനയും സംവരണവും അട്ടിമറിക്കാനുള്ള ആര്‍എസ്എസിന്റെ നീക്കങ്ങളെ അനുവദിക്കാന്‍ കഴിയില്ലെന്ന രാഹുലിന്റെ നിലപാടിന് ലഭിച്ച വലിയ അംഗീകാരമാണ് സര്‍ക്കാരിന്റെ ചുവടുമാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തും ലാറ്ററല്‍ എന്‍ട്രി നടത്തിയെന്ന ബിജെപി വാദത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചതുമില്ല.

ജാതി സെന്‍സസ് വിഷയമുയര്‍ത്തി പ്രതിപക്ഷം ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പേ സംവരണം ചര്‍ച്ചയാകുന്നത് വീണ്ടും തിരിച്ചടിയാകും എന്ന തിരിച്ചറിവ് ബിജെപിക്ക് ഉണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്നാണ് സാമൂഹികനീതി പരിചയാക്കി വിവാദത്തില്‍ നിന്നും തലയൂരാന്‍ മോദിയുടെ നിര്‍ദ്ദേശം ഉണ്ടായത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വീണ്ടും സംവരണം ചര്‍ച്ചാ വിഷയമാകുന്നതിന്റെ അപകടം മണത്ത നരേന്ദ്രമോദി തന്ത്രപൂര്‍വ്വം പിന്‍മാറുകയായിരുന്നു. സംവരണം ഉപയോഗിച്ച് രാഹുലും ഇന്ത്യാ മുന്നണിയും ഇനി നേട്ടം കൊയ്യരുതെന്ന താല്പര്യവും പിന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കരുതുന്നത്.

പത്തു വര്‍ഷം മുമ്പുകണ്ട രാഷ്ട്രീയ നേതാവല്ല രാഹുല്‍ ഗാന്ധിയെന്ന തിരിച്ചറിവും ബിജെപിയെ അലട്ടുന്നുണ്ട്. ചടുലമായ നീക്കങ്ങളിലൂടെ സാധാരണക്കാരിലേക്ക് ചാടി ഇറങ്ങാന്‍ രാഹുലിന് കഴിയുന്നു എന്ന യാഥാര്‍ത്ഥ്യം മോദിയും സംഘവും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തിനൊപ്പം സഖ്യകക്ഷികളും അണിനിരന്നപ്പോള്‍ ഗത്യന്തരമില്ലാതെ അടിയറവ് പറഞ്ഞെന്നതാണ് യാഥാര്‍ഥ്യം. സഖ്യകക്ഷി ഭരണത്തിന്റെ സമ്മര്‍ദം ബിജെപിക്ക് പരീക്ഷണമുഖം തുറക്കുന്നുവെന്നതാണ് ഈ പിന്‍മാറ്റത്തിലൂടെ വെളിവായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top