റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കെപിസിസി; ചർച്ചകളിൽ നേതാക്കൾ പങ്കെടുക്കില്ലെന്ന് തീരുമാനം
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്ക് എതിരെ വസ്തുതാ വിരുദ്ധ പരാമര്‍ശം നടത്തിയ റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്ക്കരിക്കാന്‍ കെപിസിസി തീരുമാനം. ചാനലിന്റെ ചര്‍ച്ചകളില്‍ ഇനി പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന തീരുമാനം കെപിസിസി ഔദ്യോഗികമായി ചാനലിന്റെ ചീഫ് എഡിറ്ററെ അറിയിച്ചു. കെപിസിസിയുടെ മാധ്യമചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസാണ് ഇന്നലെ കത്ത് നല്‍കിയത്.
ബഹിഷ്ക്കരണത്തിന് കാരണമായി കത്തില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഇങ്ങനെ: “കഴിഞ്ഞ നവംബര്‍ 29-ന് ചാനലിന്റെ ‘മീറ്റ് ദ എഡിറ്റേഴ്സ്’ പരിപാടിയില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധവും ദുരുദ്ദേശപരവുമാണ്. മരംവെട്ട് കേസ് പ്രതിയായ ചാനല്‍ ഉടമയെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയത് മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തസത്തയ്ക്കും മാധ്യമ ധര്‍മ്മത്തിന് നിരക്കാത്തതുമാണ്. ചാനലിന്റെ രാഷ്ട്രീയ അജണ്ടകളും പക്ഷപാതിത്വവും ഈ ചര്‍ച്ച തുറന്നു കാട്ടി.
പാര്‍ട്ടി പ്രതിനിധികള്‍ ഉള്ള ചര്‍ച്ചയാണെങ്കില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുമായിരുന്നു. അവാസ്തവമായ കാര്യങ്ങള്‍ വ്യക്തിവിദ്വേഷത്തോടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം ചാനല്‍ ഉടമക്ക് ഉണ്ടായിരുന്നുവെന്ന് വേണം മനസിലാക്കാന്‍. അതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ചാനല്‍ ചര്‍ച്ചയില്‍ പ്രതിനിധികളെ അയക്കേണ്ടതില്ല എന്ന കെപിസിസി തീരുമാനം മാനേജ്മെന്റിനെ അറിയിക്കുകയാണ്”-കത്തില്‍ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here