എന്നും കൂടെ തന്നെ ഉണ്ടാകും; വയനാട് ജനതയ്ക്ക് ഹൃദയത്തില്‍ തൊടുന്ന കത്തുമായി രാഹുല്‍ഗാന്ധി

റായ്ബറേലി നിലനിര്‍ത്തുന്നതിന്റെ ഭാഗമായി വയനാട് ഒഴിവാക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഹൃദയനിര്‍ഭരമായ കുറിപ്പ്. വയനാട്ടിലെ ജനങ്ങള്‍ക്കായാണ് കുറിപ്പിറക്കിയിരിക്കുന്നത്. ഏറെ ഹൃദയവേദനയോടെയാണ് വയനാട് ഒഴിയാനുള്ള തീരുമാനം എടുത്തതെന്നും, എന്നും കൂടെയുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ വ്യക്തമാക്കി.

അഞ്ചുവര്‍ഷം മുന്‍പ് വരുമ്പോള്‍ അപരിചിതനായിട്ടും വയനാട്ടിലെ ജനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തണച്ചു. രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ നല്‍കി. അതിന് ഏത് രാഷ്ട്രീയ പ്രസ്ഥാനത്തെ പിന്തുണച്ചുവെന്നതോ, ഏത് സമുദായത്തില്‍ നിന്നുള്ളയാളാണെന്നോ, ഏത് മതത്തില്‍ വിശ്വസിച്ചെന്നോ, ഏത് ഭാഷയാണ് സംസാരിച്ചതെന്നോ പ്രശ്നമായിരുന്നില്ല. സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ഓരോ ദിവസവും അധിക്ഷേപിക്കപ്പെട്ടപ്പോഴും വേട്ടയാടപ്പെട്ടപ്പോഴും തന്നെ ചേര്‍ത്തു നിര്‍ത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. തന്റെ അഭയവും വീടും കുടുംബവുമായിരുന്നു വയനാട്ടിലെ ജനങ്ങളെന്നും കത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നു.

കേരളത്തെ വിഴുങ്ങിയ പ്രളയകാലം മനസില്‍ വിങ്ങലായി ഇപ്പോഴും അവശേഷിക്കുന്നു. വയനാട്ടിലെ ജനങ്ങള്‍ നല്‍കിയ എണ്ണമറ്റ പൂക്കളും ആലിംഗനങ്ങളും ഹൃദയതാളമായി എന്നുമുണ്ടാകും. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാന്‍ കഴിഞ്ഞത് അഭിമാനമായിരുന്നു. യാത്ര പറയുന്നതില്‍ അഗാധമായ ഹൃദയ വേദനയുണ്ട്. വയനാടിനെ പ്രതിനിധീകരിക്കാന്‍ സഹോദരി പ്രിയങ്കയുണ്ടാകുമെന്നും അവര്‍ക്ക് എല്ലാവിധ പിന്തുണ നല്‍കണമെന്നും രാഹുല്‍ അഭ്യര്‍ഥിച്ചു. ഒരു മാതാവിനെ പോലെ ചേര്‍ത്തണച്ച വയനാടിനൊടൊപ്പം എന്നും താന്‍ കൂടെയുണ്ടാകുമെന്ന വാക്ക് നല്‍കുന്നുവെന്നും പറഞ്ഞാണ് രാഹുല്‍ ഗാന്ധി കത്ത് അവസാനിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top