‘കോണ്‍ഗ്രസ് ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്കൊപ്പം’; പാകിസ്താന്‍ അനുകൂലിയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാകിസ്താൻ വംശജയും അമേരിക്കൻ കോൺഗ്രസ് അംഗവുമായ ഇൽഹാൻ ഒമറിനെ സന്ദർശിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. തീവ്ര മുസ്ലീം നിലപാടുള്ളതും ഇന്ത്യാ വിരുദ്ധ ശക്തികളുടെ വക്താവുമായ ഇൽഹാൻ ഒമറിനെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണ്. സ്വതന്ത്ര കശ്മീറിനു വേണ്ടി വാദിക്കുന്ന വ്യക്തിയാണിവർ. പാകിസ്താൻ പോലും ഇവരെ സംശയത്തിൻ്റെ നിഴലിലാണ് നിർത്തിയിരിക്കുന്നതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്സിൽ കുറിച്ചു.

വിദേശ രാജ്യത്ത് പോയി രാഹുൽ ഗാന്ധി രാജ്യത്തെ അപമാനിച്ചു സംസാരിക്കുന്നത് പതിവാക്കിയിരിക്കയാണ്. ഇന്ത്യാ വിരുദ്ധ പ്രചാരകയായ ഇൽ ഹാൻ ഒമറിനെ കണ്ടതും ഈ അജണ്ടയുടെ ഭാഗമാണ്. ഇന്ത്യയുടെ പരമാധികാരത്തിനെതിരെ നിലപാട് സ്വീകരിക്കു കയും പാക് അധീന കാശ്മീർ സന്ദർശിക്കു കയും ചെയ്ത വ്യക്തിയാണ് ഇവർ. രാജ്യത്തെ ഹിന്ദുക്കൾക്കെതിരെ വിഷം ചീറ്റുന്ന ഇൽ ഹാനെ സന്ദർശിച്ചതിന് പിന്നിലെ കാരണങ്ങൾ പുറത്തു പറയണമെന്നും ബിജെപി വക്താവ് ഷെഹ്ഷാദ് പുനവാല പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള രാഹുലിൻ്റെ ആദ്യ അമേരിക്കൻ പര്യടനമാണിത്. മൂന്ന് ദിവസത്തെ യുഎസ് പര്യടനത്തിനെത്തിയ അദ്ദേഹം സർവ്വകലാശാല വിദ്യാർത്ഥികൾ, അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ തുടങ്ങി നിരവധി വ്യക്തികളുമായി ആശയവിനിമയം നടത്തി. ജോനാഥൻ ജാക്സൺ, റോ ഖന്ന, രാജ കൃഷ്ണമൂർത്തി , ബാർബറ ലീ, ഹാൻക് ജോൺസൻ, ഇൽഹാൻ ഒമർ തുടങ്ങിയ യുഎസ് കോൺഗ്രസ് ജനപ്രതിനിധികളുമായാണ് കൂടിക്കാഴ്ച നടത്തിയത്.
മധ്യ- ദക്ഷിണ ഏഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള യു എസ് അസിസ്റ്റൻ്റ് സെക്രട്ടറി ഡൊണാൾഡ് ലുവിനേയും സന്ദർശിച്ചിരുന്നു. യുഎസ് കോൺഗ്രസിൻ്റെ വിദേശകാര്യ കമ്മറ്റി അംഗമായ പ്രമീള ജയ്പാലിനേയും രാഹുൽ കണ്ടിരുന്നു.
ടെക്സ്സ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായി പ്രതിപക്ഷ നേതാവ് ആശയ വിനിമയം നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കാൻ പ്രവാസി ഇന്ത്യാക്കാർ മുൻകൈ എടുക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യൻ ഓവർസിസ് കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ ടെക്സസ് സന്ദർശനം. നാഷണൽ പ്രസ് ക്ലബ്, കാപ്പിറ്റോൾ ഹിൽ എന്നിവിടങ്ങളിൽ വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here