വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്ന് രാഹുല്‍ ഗാന്ധി; വന്‍ ജനാവലിയുടെ അകമ്പടിയോടെ പത്രികാസമര്‍പ്പണം
വയനാട്: വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ നിങ്ങളുടെ പ്രതിനിധിയായി ഇരിക്കുന്നത് ബഹുമതിയായി കാണുന്നുവെന്നും കല്‍പറ്റയില്‍ നടത്തിയ റോഡ്ഷോയ്ക്കിടെ രാഹുല്‍ ഗാന്ധി പ്രസംഗിച്ചു. വയനാട്ടിലെ ചെറുതും വലുതുമായ പ്രശ്നങ്ങള്‍ പാര്‍ലമെന്റിന്‍റെ അകത്തും പുറത്തും ഉന്നയിക്കാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് രാഹുല്‍ ഉറപ്പുനല്‍കി. രാഷ്ട്രീയം പറയാതെ ഇടത് ഐക്യമുന്നണികളിലെ പ്രവർത്തകരെ കുടുംബാംഗങ്ങൾ എന്ന് വിശേഷിപ്പിച്ചുള്ള രാഹുലിന്റെ പ്രസംഗം ശ്രദ്ധേയമായി.
രാവിലെ മൂപ്പൈനാട് റിപ്പണിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുല്‍ ഗാന്ധി, കല്‍പ്പറ്റ ടൌണില്‍ റോഡ്‌ഷോ നടത്തിയശേഷം വന്‍ ജനാവലിയുടെ അകമ്പടിയോടെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ജില്ലാ കളക്ടര്‍ കൂടിയായ വരണാധികാരി ഡോ.രേണുരാജിന്‍റെ മുന്‍പാകെയാണ് പത്രിക നല്‍കിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുലിന് ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വലിയ സ്വീകരണമാണ് നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, കെസി വേണുഗോപാല്‍, വിഡി സതീശന്‍, എംഎം ഹസന്‍, രമേശ് ചെന്നിത്തല, മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയില്‍ പങ്കെടുത്തു.
കഴിഞ്ഞ തവണ വിവാദമുണ്ടായതിനാല്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പതാകകള്‍ ഒഴിവാക്കിയായിരുന്നു പ്രവര്‍ത്തകള്‍ റോഡ്ഷോയില്‍ പങ്കെടുത്തത്. മലപ്പുറം, കോഴിക്കോട് തുടങ്ങി വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ രാഹുലിന്‍റെ പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി വയനാട്ടില്‍ എത്തിച്ചേര്‍ന്നു. ഏപ്രില്‍ 15ന് രാഹുല്‍ വയനാട്ടിലേക്ക് തിരികെ എത്തും.
അതേസമയം, കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍, തിരുവനന്തപുരത്ത് ശശി തരൂര്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, പാലക്കാട് വികെ ശ്രീകണ്ഠൻ എന്നിവരും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here