ബിജെപിയെയും മോദിയെയെും ആർക്കും ഭയമില്ലാതായി മാറിയെന്ന് രാഹുൽ ഗാന്ധി; തിരിച്ചടിച്ച് ബിജെപി
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മിനിറ്റുകൾക്കകം ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയെും ആർക്കും ഭയമില്ലാതായി മാറിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതൊന്നും രാഹുലിന്റെയോ കോൺഗ്രസിന്റെയോ നേട്ടങ്ങൾ അല്ല. ഭരണഘടനയ്‌ക്കെതിരായ ആക്രമണം അംഗീകരിക്കാൻ പോകുന്നില്ലെന്ന് തിരിച്ചറിഞ്ഞ ഇന്ത്യൻ ജനതയുടെ വലിയ നേട്ടങ്ങളാണിതെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യുഎസ് സന്ദര്‍ശനത്തില്‍ ഡാലസിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഡാലസിൽ എത്തിയത്.
ഇന്ത്യ എന്നത് ഒറ്റ ആശയമാണെന്ന് ആർഎസ്എസ് വിശ്വസിക്കുന്നു. എന്നാൽ, അനവധി ആശയങ്ങൾ ഒത്തുചേർന്നതാണ് ഇന്ത്യയെന്ന് കോൺഗ്രസ് വിശ്വസിക്കുന്നതായി രാഹുൽ പറഞ്ഞു. ചരിത്രം, പാരമ്പര്യം, മതം, ഭാഷ, ജാതി എന്നിവയ്ക്ക് അതീതമായി എല്ലാവർക്കും അവസരങ്ങൾ നൽകണം. സ്‌നേഹം, ബഹുമാനം, വിനയം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലാതായിരിക്കുന്നു എന്നും രാഹുൽ പറഞ്ഞു.
അതേസമയം, രാഹുലിനെതിരെ ബിജെപി രംഗത്തെത്തി. ഇന്ത്യയെ അപമാനിക്കുന്നത് രാഹുലിന്റെ ശീലമാണെന്ന് പാർട്ടി ദേശീയ വക്താവ് പ്രദീപ് ബന്ധാരി എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു. ഇന്ത്യയെക്കുറിച്ച് അസത്യമായ കാര്യങ്ങളാണ് രാഹുൽ പ്രചരിപ്പിക്കുന്നത്. രാഹുലിന്റെ എല്ലാ പ്രസ്താവനകളും സമൂഹത്തെ വിഭജിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടേതാണ്. രാഹുലിന്റെ പ്രസംഗത്തിലെ ഉള്ളടക്കം ഭാരതത്തിന് എതിരാണ്, ഇന്ത്യയിലെ സ്ത്രീകൾക്ക് എതിരാണ്. അതുകൊണ്ടാണ് 2014ലും 2019ലും 2024ലും ജനങ്ങൾ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും തള്ളിക്കളഞ്ഞത്. 2029ലും കോൺഗ്രസിനെ തള്ളിക്കളഞ്ഞ് ജനം നരേന്ദ്രമോദിയെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here