‘അവർ സോണിയ ആയാലും രാഹുലായാലും’; രാജ്യദ്രോഹികൾക്കെതിരെ ഒന്നിക്കാൻ കോൺഗ്രസുകാരോട് ബിജെപി

കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് അമേരിക്കൻ കോടിശ്വരൻ ജോർജ് സോറോസുമായി ബന്ധമുണ്ടെന്ന ആരോപണം ഏറ്റുപിടിച്ച് കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു. ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ശക്തികൾക്കെതിരെ എല്ലാവരും ഒന്നിക്കണമെന്ന് കേന്ദ്രമന്ത്രി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യാ വിരുദ്ധ നിലപാടുകളെ പിന്തുണയ്ക്കുന്ന ജോർജ് സോറോസ് ഫൗണ്ടേഷനുമായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് ബന്ധമുണ്ടെന്ന ആരോപണവും റിജിജു ഇന്ന് വീണ്ടും ഉന്നയിച്ചു. അമേരിക്കയിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ പേരിലുള്ള കുറ്റപത്രം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാർലമെൻ്റിനകത്തും പുറത്തും പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ പരാമർശം.

രാജ്യത്ത് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന, ചർച്ച ചെയ്യേണ്ട വിഷയം ജോർജ്ജ് സോറസാണ്. സോണിയാ ഗാന്ധിയുമായുള്ള ബന്ധമായിരുന്നാലും രാഹുൽ ഗാന്ധിയുമായുള്ള ബന്ധമായിരുന്നാലും ചർച്ച ചെയ്യണം. ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ശക്തികൾക്കെതിരെ എല്ലാവരും ഒന്നിക്കണമെന്ന് കോൺഗ്രസ് പാർട്ടി നേതാക്കളോട് പറയാൻ ആഗ്രഹിക്കുന്നു. ജോർജ്ജ് സോറോസിൻ്റെ വിഷയം ഇതിനകം പാർലമെൻ്റിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Also Read: ലോക മുതലാളി ജോർജ് സോറോസും രാഹുൽ ഗാന്ധിയും തമ്മിലെന്ത്? ബിജെപി എന്തിനാണ് ഇയാളെ ശത്രുവായി പ്രഖ്യാപിച്ചത്?

കോൺഗ്രസ് പ്രവർത്തകരോടും ഇന്ത്യാ വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും കിരൺ റിജിജു ആവശ്യപ്പെട്ടു. പാർട്ടി നേതാക്കൾക്ക് ഇന്ത്യാ വിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ ശബ്ദമുയർത്തണമെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരോടുള്ള നിർദേശം. വിഷയം കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട കേവലമൊരു രാഷ്ട്രീയ പ്രശ്നമായി ബിജെപി കാണുന്നില്ല. ഇന്ത്യാ വിരുദ്ധ ശക്തികളുമായി ബന്ധപ്പെട്ടതായതിനാൽ വിഷയം ഗൗരവമായിട്ടാണ് കാണുന്നതെന്നും കിരൺ റിജിജു പറഞ്ഞു.

പാർലമെൻ്റ് സമ്മേളനങ്ങൾ തടസപ്പെടുത്തുന്ന പ്രതിപക്ഷ നടപടിയെയും കേന്ദ്രമന്ത്രി വിമർശിച്ചു. പാർലമെൻ്റ് നടപടികൾ തടസമില്ലാതെ മുന്നോട്ട് കൊണ്ടു പോകാൻ പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗൗതം അദാനിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കോൺഗ്രസും ഇന്ത്യാ മുന്നണി കക്ഷികളും സഭ തടസപ്പെടുത്തിയിരുന്നു. സോറോസും കോൺഗ്രസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രതിപക്ഷ നീക്കത്തെ പ്രതിരോധിക്കുന്നത്.

Also Read: കശ്മീർ സ്വതന്ത്ര രാജ്യമെന്ന് വാദിക്കുന്ന ഗ്രൂപ്പുമായി സോണിയക്ക് ബന്ധം; ജോർജ് സോറോസ് പണം നൽകുന്ന സംഘടനയുടെ ഉപാധ്യക്ഷയാണെന്ന് ബിജെപി

ജോർജ്ജ് സോറോസ് ധനസഹായം നൽകുന്ന സംഘടനയുമായി സോണിയക്ക് ബന്ധമുണ്ടെന്ന ആരോപണമാണ് ഇന്നലെ ബിജെപി ഉന്നയിച്ചിരുന്നത്. സോണിയ ഉപാധ്യക്ഷയായ ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്‌സ് ഇൻ ഏഷ്യാ പസഫിക് (FDL-AP) ഫൗണ്ടേഷനാണ് സോറോസുമായി ബന്ധമുള്ളതെന്നായിരുന്നു ആരോപണം. കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും സ്വതന്ത്ര രാജ്യമെന്നുമുള്ള നിലപാടുള്ള സംഘടനയാണ് എഫ്‌ഡിഎൽ-എപി ഫൗണ്ടേഷനെന്നും നിലപാടെന്നും ബിജെപി വിമർശിച്ചിരുന്നു. അദാനിയെ പ്രതിക്കൂട്ടിലാക്കുന്ന ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന് പിന്നിൽ ജോർജ് സോറോസ് ആണെന്നും ബിജെപി അവകാശപ്പെട്ടിരുന്നു.രാഹുൽ ഗാന്ധിക്ക് ശതകോടീശ്വരനായ ജോർജ് സോറോസുമായി ബന്ധമുണ്ടെന്ന അവകാശവാദം ഏറെനാളായി ഭരണകക്ഷി ഉയർന്നുണ്ട്. അതിനിടയിലാണ് സോണിയയേയും ആരോപണങ്ങൾക്കൊപ്പം കൂട്ടിക്കെട്ടിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top