രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിന് എതിരാവില്ലെന്ന് ജയറാം രമേശ്; വയനാട് സീറ്റില്‍ വീണ്ടും രാഹുല്‍ എത്തിയേക്കും

ഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന സൂചനയുമായി കോണ്‍ഗ്രസ്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിന് എതിരാവില്ലെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തി. രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ ഇടതുപക്ഷവുമായി സഖ്യത്തില്‍ ആണെങ്കിലും കേരളത്തില്‍ ഇടത്- വലത് മുന്നണികള്‍ തമ്മിലാണ് മത്സരമെന്ന് ജയറാം രമേശ് വ്യക്തമാക്കി. ഇടതുപക്ഷം ഇന്ത്യ സഖ്യത്തില്‍ ഉള്ളത് പരസ്പര മത്സരത്തിന് തടസമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന ലോക്സഭാ മണ്ഡലമായ വയനാട്ടില്‍ മത്സരിക്കാൻ സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ ഭാര്യ ആനി രാജയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രസ്താവന നടത്തുന്നത്. മണ്ഡലത്തിൽ കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാഹുല്‍ വയനാട്ടില്‍ തന്നെ മത്സരിക്കണമെന്ന നിലപാടിലാണ് കെപിസിസിയും യുഡിഎഫുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചിരുന്നു.
വയനാട്ടിൽ രാഹുൽ ഗാന്ധി തനിക്കെതിരെ മത്സരിക്കുമോ എന്ന ചോദ്യത്തിന്, ഓരോ പാർട്ടിയുടെയും തീരുമാനം അവരുടെ അധികാരമാണെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ തനിക്ക് ഒന്നും പറയാനില്ലെന്നും ആനി രാജ പ്രതികരിച്ചിരുന്നു. വയനാട് മണ്ഡലം ആരുടേയും കുത്തക അല്ലെന്നും വാക്കും പ്രവര്‍ത്തിയും ഒന്നാണെന്ന് കോണ്‍ഗ്രസ് ഉറപ്പ് വരുത്തണമെന്നും ആനി രാജ ആരോപിച്ചു. ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ കേരളത്തിലെ നാല് ലോക്‌സഭാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാര്‍ച്ച് ആദ്യ വാരം ഡല്‍ഹിയില്‍ നടക്കും. കേരളത്തില്‍ നാളെ സ്ക്രീനിങ് കമ്മിറ്റി ചേര്‍ന്ന് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമചര്‍ച്ചയ്ക്കായി വി.ഡി.സതീശനും കെ.സുധാകരനും ഡല്‍ഹിയിലേക്ക് പോകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here