രാഹുല്‍ ഗാന്ധി നയിക്കും; പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; അച്ഛനും അമ്മക്കും ശേഷം മകൻ

രാഹുല്‍ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവാകും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രോടേം സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കക്ഷിനേതാവായ സോണിയ ഗാന്ധി ഇത് സംബന്ധിച്ച് കത്ത് നല്‍കും. കോണ്‍ഗ്രസില്‍ നേരത്തെ തന്നെ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കുന്നതില്‍ ധാരണയായിരുന്നു. നേതൃത്വം ഒന്നടങ്കം ഈ ആവശ്യം മുന്നോട്ടുവച്ചതോടെയാണ് രാഹുല്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചത്.

പത്തു വര്‍ഷങ്ങള്‍ക്കുശേഷമാണ് ലോക്‌സഭയില്‍ ഒരു പ്രതിപക്ഷ നേതാവ് വരുന്നത്. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെയാണ് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുന്നത്. നിലവിലെ രീതിയില്‍ 543 അംഗ സഭയില്‍ 55 അംഗങ്ങളെങ്കിലും ഉള്ള കക്ഷിയുടെ നേതാവിനെയാണ് സ്പീക്കര്‍ പ്രതിപക്ഷ നേതാവായി അംഗീകരിക്കുന്നത്.

രാഹുല്‍ ഈ സ്ഥാനത്ത് എത്തുന്നതോടെ ലോക്‌സഭയുടെ ചരിത്രത്തില്‍ അച്ഛനും അമ്മയ്ക്കും പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തുന്ന മകന്‍ എന്ന പ്രത്യേകതയുമുണ്ട്. 1989-90ല്‍ വിപി സിംഗ് പ്രധാനമന്ത്രിയായ കാലത്ത് രാജീവ് ഗാന്ധിയായിരുന്നു പ്രതിപക്ഷ നേതാവ്. എബി വാജ്‌പേയ് പ്രധാനമന്ത്രി ആയപ്പോള്‍ 1999-2004 കാലത്ത് സോണിയ ഗാന്ധിയും പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്ററി സമ്പ്രദായ പ്രകാരം ലീഡര്‍ ഓഫ് ഒപ്പോസിഷന്‍ നിഴല്‍ പ്രധാനമന്ത്രി (Shadow Prime Minister) എന്നാണ് അറിയപ്പെടുന്നത്. അതായത് ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള വ്യക്തി എന്നാണ് കരുതപ്പെടുന്നത്.

1952ലാണ് ഒന്നാം ലോക്‌സഭ നിലവില്‍ വന്നതെങ്കിലും 1969ലാണ് സ്പീക്കറും ലോക്‌സഭയും ഔദ്യോഗികമായി അംഗീകരിച്ച ആദ്യ പ്രതിപക്ഷനേതാവ് ഉണ്ടാകുന്നത്. 1969ല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പിനെ തുടര്‍ന്ന് ബീഹാറിലെ ബക്‌സര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ചുവന്ന സംഘടനാ കോണ്‍ഗ്രസ് നേതാവ് റാം സുഭാഗ് സിംഗ് ആയിരുന്നു ആദ്യ പ്രതിപക്ഷനേതാവ്. ഇതുവരെ 11 പേര്‍ പ്രതിപക്ഷ നേതാവിന്റെ പദവി അലങ്കരിച്ചിട്ടുണ്ട്. മലയാളിയും ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗവുമായിരുന്ന സിഎം സ്റ്റീഫന്‍ 1978 ഏപ്രില്‍ 12 മുതല്‍ 1979 ജൂലൈ 9 വരെ പ്രതിപക്ഷ നേതാവായിരുന്നു.

പത്തു വര്‍ഷത്തെ ഭരണത്തിനിടെ പ്രതിപക്ഷത്തു നിന്ന് ഉണ്ടാകാതിരുന്ന കടുത്ത സമ്മര്‍ദ്ദമാകും നരേന്ദ്രമോദിക്ക് വരും ദിവസങ്ങളില്‍ അനുഭവിക്കേണ്ടി വരിക. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഇതിന്റെ സൂചനകള്‍ എംപിയായുള്ള സത്യപ്രതിജ്ഞയില്‍ അടക്കം രാഹുല്‍ഗാന്ധി നല്‍കുകയും ചെയ്തിട്ടുണ്ട്. മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഓഹരി കുംഭകോണം എന്ന ആരോപണം രാഹുല്‍ ഉന്നയിച്ചിരുന്നു. ഇതോടൊപ്പമാണ് നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ പുറത്തുവന്നത്. മുന്‍വര്‍ഷങ്ങളിലെ നിഴലില്‍ നിന്നും മാറി ശക്തമായ അംഗബലത്തോടെ രാഹുല്‍ ഗാന്ധി നയിക്കുന്ന പ്രതിപക്ഷം മോദിക്ക് ചില്ലറ വെല്ലുവിളിയാകില്ല ഉയര്‍ത്തുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top