രാഹുല്‍ ഗാന്ധി മണിപ്പൂരിലേക്ക്; ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കും
ലോക്‌സഭാ പ്രതിപക്ഷ നേതാവായ ശേഷം വീണ്ടും വംശീയ കലാപം നടന്ന മണിപ്പൂരില്‍ രാഹുല്‍ ഗാന്ധി എത്തുന്നു. തിങ്കളാഴ്ചയാണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. കലാപത്തിന്റെ ഇരകളെ നേരില്‍ കാണാനാണ് സന്ദര്‍ശനം. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരുമായി രാഹുല്‍ സംസാരിക്കും. നേരത്തേയും രാഹുല്‍ മണിപ്പൂരിലെത്തിയിരുന്നു. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചതും മണിപ്പൂരില്‍ നിന്നായിരുന്നു. പ്രദേശിക കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും രാഹുലിനൊപ്പം ഇരകളെ കാണും.
ALSO READ : ‘മോദി, നിങ്ങള്‍ ഇനിയെങ്കിലും വാ തുറക്കൂ’; കേന്ദ്രത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് മണിപ്പൂര്‍ എംപി
മണിപ്പൂര്‍ വിഷയത്തില്‍ ലോക്‌സഭയിലും പുറത്തും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ രാഹുല്‍ ഗാന്ധി വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് മണിപ്പൂരെന്നും നരേന്ദ്ര മോദിക്കും ബിജെപിക്കും ആര്‍എസ്എസിനും മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു. ലോകസഭയിലെ ആദ്യ പ്രസംഗത്തിലും ഈ വിമര്‍ശനം രാഹുല്‍ നടത്തിയിരുന്നു. പിന്നാലെയാണ് മണിപ്പൂര്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്.
ഹിന്ദു വിഭാഗത്തില്‍പ്പെട്ട മെയ്തേയ്ക്കാരും ക്രൈസ്തവരായ കുക്കി വിഭാഗക്കാരും തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങള്‍ കഴിഞ്ഞ വര്‍ഷം മെയ് മൂന്നിനാണ് ആരംഭിച്ചത്. ഇപ്പോഴും അതിന്റെ അലയോലികള്‍ അടങ്ങിയിട്ടില്ല. മെയ്തേയ് വിഭാഗക്കാരെ പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തി പ്രാപിച്ച ഘട്ടത്തിലാണ് കലാപം പൊട്ടിപ്പുറപ്പെടുന്നത്. സംസ്ഥാനത്തെ രണ്ട് പ്രബല സമുദായങ്ങള്‍ ചേരിതിരിഞ്ഞ് കൊള്ളയും കൊലയും തീവെയ്പ്പും നടത്തിയപ്പോള്‍ ബിജെപി മുഖ്യമന്ത്രി ബീരേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം കാഴ്ചക്കാരന്റെ റോളിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കലാപം അമര്‍ച്ച ചെയ്യുന്നതില്‍ സമ്പൂര്‍ണ്ണ പരാജയമായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്തിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കലാപത്തെ അപലപിക്കുകയോ, മണിപ്പൂര്‍ സന്ദര്‍ശിക്കാനോ തയ്യാറായില്ല. രണ്ട് കുക്കി സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം നഗ്നരായി നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു.
കലാപത്തെത്തുടര്‍ന്ന് 40000ത്തിലധികം പേരാണ് പലായനം ചെയ്യപ്പെട്ടത്. 250ലധികം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തീയിട്ട് നശിപ്പിച്ചു, 200ലധികം പേര്‍ കലാപത്തില്‍ കൊല ചെയ്യപ്പെട്ടെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍. അനേകായിരങ്ങള്‍ ഇപ്പോഴും ക്യാംപുകളിലും മറ്റുമായി കഴിയുന്നുണ്ട്. ഇവരെ കാണാനാണ് രാഹുല്‍ ഗാന്ധിയെത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here