‘ഹിന്ദു’ പരാമര്‍ശം രേഖകളില്‍ നിന്നും നീക്കി; രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ സ്പീക്കറുടെ നടപടി
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രസംഗത്തില്‍ തന്നെ ഇടപെട്ട് സ്പീക്കര്‍ ഓം ബിര്‍ള. ഇന്നലെ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്നൊഴിവാക്കി. ‘ഹിന്ദു’ പരാമര്‍ശങ്ങളാണ് ഒഴിവാക്കിയത്. ആര്‍എസ്എസിനെതിരെയുള്ള വിമര്‍ശങ്ങളും ഒഴിവാക്കിയിട്ടുണ്ട്. അംബാനി, അദാനി എന്നിവര്‍ക്കെതിരായ വിമര്‍ശനം, നീറ്റ്, അഗ്നിവീര്‍ എന്നിവയിലെ പരാമര്‍ശങ്ങളും നീക്കം ചെയ്തിട്ടുണ്ട്.
ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലര്‍ അക്രമം നടത്തുന്നുവെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി സഭയില്‍ തന്നെ പ്രതിഷേധിച്ചിരുന്നു. ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ വെറുപ്പ് പറയില്ല. നിങ്ങള്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നു എന്നായിരുന്നു രാഹുലിന്റെ മറുപടി. ശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടി ഈ അഭയമുദ്രയാണ് കോണ്‍ഗ്രസിന്റെ ചിഹ്നമെന്നും രാഹുല്‍ പറഞ്ഞു.
രാഹുലിന് അഭയമുദ്രയെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും, മാപ്പ് പറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. മുഴുവന്‍ ഹിന്ദു സമൂഹത്തെയും അക്രമാസക്തരെന്ന് വിളിക്കുന്നത് വളരെ ഗുരുതരമായ കുറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിമര്‍ശിച്ചു. പിന്നാലെ വിവാദ പ്രസംഗം രേഖകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് സ്പീക്കര്‍ രേഖകളില്‍ നിന്ന് ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here