ബിജെപി കാരണം രാഹുലിന് കശ്മീരിൽ ഐസ്ക്രീം കഴിച്ച് ബൈക്കോടിക്കാം; ആർട്ടിക്കിൾ 370 ചരിത്രമായെന്ന് അമിത് ഷാ


എൻഡിഎ സർക്കാർ കാശ്മീർ സുരക്ഷിതമാക്കിയതിനാൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഐസ്ക്രീം കഴിച്ച് ഇവിടെ ബൈക്ക് ഓടിക്കാൻ കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റംബാനിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കശ്മീരിൽ ഐസ്ക്രീം കഴിച്ച് ബൈക്ക് സവാരി നടത്തുന്നതിനിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുകയാണ് രാഹുൽ.

കോൺഗ്രസ് സർക്കാരുകൾക്ക് കഴിയാതിരുന്നത് ബിജെപി സാധ്യമാക്കി. മോദി സർക്കാർ ഭീകരതയെ ആഴത്തിൽ കുഴിച്ചുമൂടിയെന്നും അമിത് ഷാ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ലഡാക്കിൽ ബൈക്കിൽ സഞ്ചരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പരിഹാസം. കഴിഞ്ഞ മാസം ജമ്മു കശ്മീർ സന്ദർശിച്ചപ്പോൾ രാഹുൽ ലാൽ ചൗക്കിലെ ഐസ്ക്രീം കടയിൽ നിന്നും ഐസ്ക്രീം കഴിച്ചിരുന്നു.


ഭരണഘടനയിലെ കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 ചരിത്രമായി. ആരു വിചാരിച്ചാലും അത് മടക്കി കൊണ്ടുവരാൻ ആകില്ലെന്നും തിരഞ്ഞെടുപ്പ്പ്രചാരണത്തിന് എത്തിയ അമിത് ഷാ വ്യക്തമാക്കി. ജമ്മു കാശ്മീരിനെ ഭീകരവാദത്തിന്റെ ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടാനാണ് കോൺഗ്രസിന്റെയും നാഷണൽ കോൺഫറൻസിന്റെയും ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുൻ ആഭ്യന്തരമന്ത്രിക്ക് സുശീൽ കുമാർ ഷിൻഡെയ്ക്ക് ഇനി ശ്രീനഗറിലെ ലാൽ ചൗക്കിൽ ഭയമില്ലാതെ നടക്കാമെന്നും അമിത് ഷാ പരിഹസിച്ചു. കോൺഗ്രസ് സർക്കാരിൻ്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന സുശീൽ കുമാർ ഷിൻഡെ ലാൽ ചൗക്കിൽ വരാൻ ഭയപ്പെട്ടിരുന്നുവെന്ന് പ്രസ്താവന നടത്തിയിട്ടുണ്ട്. ഷിൻഡെ മക്കളുമായി അവിടേക്കു വരൂ. ഒരു സുരക്ഷയും ആവശ്യമില്ല. നിങ്ങളെ ഉപദ്രവിക്കാൻ ആരും ധൈര്യപ്പെടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

ജമ്മു കശ്മീർ ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു. ആദ്യഘട്ട വോട്ടെടുപ്പിൽ അനന്ത് നാഗ്, പുൽവാമ , ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിലെ 16 മണ്ഡലങ്ങളിലും ദോഡ, കിഷ്ത്വാർ, റാംബാൻ ജില്ലകളിലെ എട്ട് മണ്ഡലങ്ങളിലും ബുധനാഴ്ച തിരഞ്ഞെടുപ്പ് നടക്കും. സെപ്തംബർ 25 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും ഒക്ടോബർ ഒന്നിന് മൂന്നാം ഘട്ട തിരഞ്ഞെടുപ്പും നടക്കും. ജമ്മു കശ്മീരിൻ്റെ പ്രത്യേക ഭരണഘടനാ പദവിയും സംസ്ഥാന പദവിയും റദ്ദാക്കിയ ശേഷം ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 90 സീറ്റുകളാണ് കേന്ദ്രഭരണ പ്രദേശത്തെ നിയമസഭയിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top