എം.വി.ഗോവിന്ദന്‍ ഒരു കോടി നഷ്ടപരിഹാരം നല്‍കണം; മാനനഷ്ടത്തിന് നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ജാമ്യം ലഭിക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമർശത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നോട്ടീസ് അയച്ചു. ശരിയായിട്ടുള്ള സർട്ടിഫിക്കറ്റിനെ വ്യാജമെന്ന് പറഞ്ഞ് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും പൊതുപ്രവർത്തകൻ എന്ന നിലയിൽ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നുമാണ് നോട്ടീസിൽ പറയുന്നത്. ഒരു കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുപുറമെ മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യം ഉന്നയിക്കുന്നുണ്ട്.
സെക്രട്ടേറിയറ്റിൽ നടന്ന പ്രതിഷേധ മാർച്ചിന്റെ പേരിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യത്തിനായി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചെങ്കിലും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്താൻ കോടതി നിർദേശിച്ചു. ജനറൽ ആശുപത്രിയിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എന്ന് എം.വി.ഗോവിന്ദൻ പറഞ്ഞത്. എന്നാൽ ജനറൽ ആശുപത്രിയിൽ നിന്ന് ലഭിച്ച റിപ്പോർട്ട് അട്ടിമറിച്ചെന്ന് കോൺഗ്രസ് നേതാക്കൾ ആരോപണം ഉയർത്തുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here