പുതിയ രുചികൾ പരിചയപ്പെടുത്താൻ രാഹുൽ ഇനിയില്ല; അമ്പരപ്പിൽ അടുപ്പക്കാരും ആരാധകരും

സോന ജോസഫ്
കൊച്ചി: ഭക്ഷണം കഴിക്കാൻ മാത്രമല്ല അതിനെക്കുറിച്ച് സംസാരിക്കാനും രാഹുലിന് ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെയാണ്, ഇന്ന് നമ്മൾ കാണുന്ന രീതിയിലേക്ക് സമൂഹമാധ്യമങ്ങൾ പ്രശസ്തമാകുന്നതിനു മുൻപേ, കേരളത്തിലും പുറത്തും ഓടി നടന്ന് നഗരങ്ങളിലെ വ്യത്യസ്ത രുചി ആസ്വദിക്കുകയും അത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന ആളായി രാഹുൽ മാറിയത്.
വിശക്കുമ്പോൾ എവിടെ പോയി കഴിക്കണം എന്ന് ആലോചിക്കുമ്പോൾ ഇന്നത്തെ യുവതലമുറ പ്രത്യേകിച്ച് കൊച്ചിക്കാർ ആദ്യം തിരയുന്നത് ‘ഈറ്റ് കൊച്ചി ഈറ്റിന്റെ’ ഇൻസ്റ്റാഗ്രാം പേജിൽ ആയിരിക്കും. പേജിലെ ഫുഡ് വ്ലോഗേഴ്സ് പരിചയപ്പെടുത്തിയ പുതിയ ഹോട്ടലുകളും വ്യത്യസ്ത ഭക്ഷണങ്ങളും എക്സ്പീരിയൻസ് ചെയ്യാനുള്ള ആഗ്രഹമുള്ളവരാണ് പലരും.
രാഹുലിന്റെ അപ്രതീക്ഷിത വേർപാട് ഭക്ഷണ പ്രേമികളെ വേദനിപ്പിച്ചതും നേരിട്ട് പരിചയമില്ലെങ്കിലും അറിയാതൊരു ഇമോഷണൽ കണക്ഷൻ അയാളുമായി ഉണ്ടായതിനും കാരണം ഇത് തന്നെയാണ്. വിശന്നിരുന്ന വയറുകളെ നേരിട്ട് അല്ലെങ്കിൽ പോലും വാക്കുകളിലൂടെ, ലളിതമായ ശൈലിയിലൂടെ, മനസ് നിറക്കാൻ സാധിച്ച ആളായിരുന്നു രാഹുൽ.
2015 ൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ഭക്ഷണ സ്നേഹികളുടെ കൂട്ടായ്മയിലേക്ക് എത്തിയത്. ഭക്ഷണത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ഒരു കൂട്ടം ആളുകളാണ് രാഹുലിനെ ഇതിലേക്ക് അടുപ്പിച്ചത്. ഇവരാരും ഫുൾ-ടൈം വ്ലോഗേഴ്സ് ആയിരുന്നില്ല. ജോലിക്കിടയിലും അതു കഴിഞ്ഞുമുള്ള ഇടവേളകളിലാണ് ഇഷ്ട വിഷയമായ ഭക്ഷണത്തിന്റെ പുറകെ പോയത്.
പുതിയ രുചികൾ പരിചയപ്പെടുത്താൻ അതിർത്തികൾ കടന്നും പോയിട്ടുണ്ട്. നിലവിൽ കൊച്ചി പനമ്പിള്ളി നഗറിൽ സ്വന്തമായി ഒരു കോഫീ ഷോപ്പ് നടത്തിവരുകയായിരുന്നു രാഹുൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here