പന്തീരാങ്കാവ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ഒട്ടേറെ ട്വിസ്റ്റുകള്‍; പോലീസ് നടത്തിയത് നിര്‍ണായക നീക്കം
ഒട്ടനവധി ട്വിസ്റ്റുകള്‍ നടന്ന പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അഞ്ച് പേരെ പ്രതികളാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതക ശ്രമം, സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മര്‍ദിച്ച ഭാര്യയെ ഒപ്പം നിര്‍ത്തി കേസ് ഒതുക്കാനുള്ള ഭര്‍ത്താവിന്റെ ശ്രമമാണ് പോലീസ് വെട്ടിയത്.
പ്രതിഭാഗം നല്‍കിയ അപ്പീലില്‍ അടുത്ത മാസം എട്ടാം തീയതി കോടതി വാദം കേള്‍ക്കാനിരിക്കെയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. മുഖ്യപ്രതി രാഹുല്‍.പി.ഗോപാല്‍ വിദേശത്ത് തുടരുകയാണ്. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍.
പറവൂര്‍ സ്വദേശിയായ നവവധുവിനെ അതിക്രൂരമായി മര്‍ദിച്ചു എന്നാണ് കേസ്. പരാതി കൊടുത്തപ്പോള്‍ പന്തീരാങ്കാവ് പോലീസ് കേസ് എടുത്തില്ലെന്ന ആരോപണം ശക്തമായിരുന്നു. പെണ്‍കുട്ടി മര്‍ദന വിവരങ്ങള്‍ തുറന്നുപറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതോടെ പന്തീരാങ്കാവ് എസ്എച്ച്ഒ എഎസ് സരിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഫറോക്ക് എസിപി സാജു.കെ.എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ഈ ഘട്ടത്തിലാണ് പെണ്‍കുട്ടി പറഞ്ഞതെല്ലാം തിരുത്തി രംഗത്ത് വന്നത്.
സ്വന്തം വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആരോപണം ഉന്നയിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ യുവതി വ്യക്തമാക്കിയത്. ഇതിനൊപ്പം എഫ്ഐആര്‍ റദ്ദാക്കണം എന്ന രാഹുലിന്റെ ഹര്‍ജിയും ഹൈക്കോടതിയില്‍ എത്തി. ഇതോടെ ഭര്‍തൃവീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്നാണ് മൊഴി മാറ്റിയതെന്ന് പോലീസ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എഫ്ഐആര്‍ റദ്ദാക്കരുതെന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here