നവവധുവിനെ മര്‍ദിച്ച് മുങ്ങിയ രാഹുലിനായി ഇന്റര്‍പോളിനെ സമീപിച്ചെന്ന് കോഴിക്കോട് കമ്മീഷണര്‍; ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിക്കും; ജര്‍മന്‍ പൗരത്വമെന്ന വാദം പോലീസ് തള്ളി
കോഴിക്കോട്: നവവധുവിനെ ക്രൂരമായി മര്‍ദിച്ചതിന് ശേഷം മുങ്ങിയ രാഹുല്‍.പി.ഗോപാലിനെ തേടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. രാഹുലിനെ കണ്ടെത്തുന്നതിനായി ഇന്റര്‍പോളിന് സന്ദേശം നല്‍കിയിട്ടുണ്ടെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും ഡിഐജിയുമായ രാജ്പാല്‍ മീണ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിക്കും. രാഹുലിന് ജര്‍മന്‍ പൗരത്വം ഉണ്ടെന്ന ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.
നവവധുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. രാഹുലിന്റെ വീട്ടില്‍ പ്രത്യേക പോലീസ് സംഘം എത്തി തിരിച്ചുപോയി. രാഹുലിന്റെ വീട് അടഞ്ഞുകിടക്കുകയാണ്. വീട്ടുകാരുടെ മൊഴി രേഖപ്പെടുത്താനാണ് സാജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയത്. ഇന്ന് തന്നെ മൊഴിയെടുക്കും എന്നാണ് ലഭിച്ച വിവരം.
രാഹുലിന് ജർമനിയിൽ ജോലിയുണ്ടെന്ന് പറഞ്ഞത് കളവാണെന്നു സംശയിക്കുന്നതായാണ് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. “വിവാഹം കഴിഞ്ഞ് മകളെ ജർമനിയിലേക്ക് കൊണ്ടുപോകുമെന്ന് രാഹുൽ പറഞ്ഞിരുന്നു. ജർമനിയിൽത്തന്നെയാണോ ജോലി എന്ന് ഇപ്പോൾ സംശയിക്കുന്നു. അയാൾ ഒരു വിവാഹ തട്ടിപ്പു വീരനാണെന്നാണ് അറിയുന്നത്. രാഹുലിന്റെ വാക്കുകൾ ഒന്നും വിശ്വസിക്കാൻ കഴിയാത്ത രീതിയിലാണ്.” പിതാവ് പറഞ്ഞു.
പോലീസിന്റെ വീഴ്ചയാണ് രാഹുല്‍ രക്ഷപെടാന്‍ കാരണമായതെന്ന ആക്ഷേപമാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഉള്ളത്. ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം.ആര്‍.അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. വീഴ്ച കണ്ടെത്തിയതോടെ പന്തീരങ്കാവ് എസ്.എച്ച്ഒ എ.എസ്.സരിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
മെയ് അഞ്ചിനാണ് രാഹുലിന്റെയും പെണ്‍കുട്ടിയുടെയും വിവാഹം കഴിഞ്ഞത്. ഒരാഴ്ചക്കുശേഷം വീട്ടിലേക്ക് വധുവിന്റെ കുടുംബം എത്തിയപ്പോഴാണ് യുവതിയുടെ ശരീരത്തിലെ പരുക്കുകള്‍ ശ്രദ്ധയില്‍ പെട്ടത്. ശാരീരിക പീഡനം നടന്നെന്നു മനസിലാക്കി യുവതിയുടെ കുടുംബം പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നടപടി വൈകിയപ്പോഴാണ് രാഹുലിന് രക്ഷപ്പെടാന്‍ അവസരം ലഭിച്ചത്. രാഹുല്‍ സിംഗപ്പൂരില്‍ ഉണ്ടെന്ന സൂചനകളാണ് പുറത്തുവന്നിട്ടുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here