ജോലിക്കായി അലഞ്ഞു; വിദേശത്ത് പോകാനും ശ്രമിച്ചു; വിവാഹമോചനം നല്‍കാതെ ഭര്‍ത്താവും സമ്മര്‍ദ്ദത്തിലാക്കി; സുഹൃത്തിന് ഷൈനി അയച്ച സന്ദേശം

ഏറ്റുമാനൂരില്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം ട്രയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത ഷൈനി അനുഭവിച്ചത് കടുത്ത സമ്മര്‍ദ്ദം. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സുഹൃത്തിന് അയച്ച സന്ദേശത്തില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ ശബ്ദസന്ദേശമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജോലി ഇല്ലാത്തതിന്റെ ബുദ്ധിമുട്ടും ഭര്‍ത്താവില്‍ നിന്നുള്ള പീഡനങ്ങളുമാണ് സന്ദേശത്തിലുള്ളത്.
മക്കളെ ഹോസ്റ്റലില്‍ നിര്‍ത്തിയ ശേഷം ജോലിക്ക് പോയി ജീവിതം മുന്നോട്ടു കൊണ്ടുപോകാനായിരുന്നു ഷൈനിയുടെ ശ്രമം. ബിഎസ്‌സി നഴ്‌സിങ്് ബിരുദവുമായി ജോലിക്കായി അലഞ്ഞിട്ടും ലഭിച്ചില്ല. വിദേശത്തേക്ക് പോവാന്‍ ശ്രമിച്ചിരുന്നുവെങ്കിലും എക്‌സ്പീരിയന്‍സ് കുറവ് തടസമായി. ഇതില്‍ തന്നെ അസ്വസ്ഥയായിരുന്നു ഷൈനി. ഇതിനു പുറമേയാണ് ഭര്‍ത്താവ് നോബിയില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളും.
വിവാഹ മോചനത്തിനോട് നോബി സഹകരിച്ചിരുന്നില്ല. പല തവണ നോട്ടീസ് അയച്ചിട്ടും കൈപ്പറ്റിയില്ല. ഫെബ്രുവരി 17 ന് കോടതിയില്‍ വിളിച്ചിട്ടും നോബി എത്തിയില്ല.കേസ് നീണ്ടുപോകുന്നതിലെ വിഷമങ്ങളും ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഷൈനി സുഹൃത്തിനോട് പറയുന്നുണ്ട്. 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലായിരുന്നു ഷൈനി തമാസിച്ചിരുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുളള പീഡനങ്ങളെ തുടര്‍ന്നാണ് സ്വന്തം വീട്ടിലെത്തിയത്.
ഭര്‍ത്താവ് നോബി ലൂക്കോസ് ഇപ്പോള്‍ ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here