മഴയുടെ തീവ്രത കുറയുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇത്തവണ ലഭിച്ചത് മികച്ച വേനല്‍മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ റിമാല്‍ ചുഴലിക്കാറ്റ് രൂപപ്പെടും
തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍മഴയുടെ തീവ്രത കുറയുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് നല്‍കിയിരിക്കുന്നത്. കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുര്‍ബലമായതോടെയാണ് മഴയുടെ തീവ്രത കുറഞ്ഞത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്തവണ മികച്ച വേനല്‍മഴ ലഭിച്ചെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെ സാധാരണ ലഭിക്കേണ്ടത് 359.1 മില്ലീ മീറ്ററാണ്. എന്നാല്‍, ഈ വര്‍ഷം മെയ് 24 വരെ 360.8 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. ഒമ്പത് ജില്ലകളില്‍ വേനല്‍കാലത്ത് ലഭിക്കേണ്ട വേനല്‍ മഴ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. ഇടുക്കി, കൊല്ലം ജില്ലകളില്‍ മാത്രമാണ് കുറവ് രേഖപ്പെടുത്തിയത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിമാല്‍ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് നാളെ കര തൊടാനാണ് സാധ്യത. മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യുനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. നാളെ അര്‍ധരാത്രിയോടെ ബംഗ്ലാദേശ്- പശ്ചിമ ബംഗാള്‍-തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍ പ്രവേശിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here