മഴ കളിച്ചാല്‍ സാധ്യത ഇങ്ങനെ; ലോകകപ്പ് വിജയി ആരാകും…

അഹമ്മദാബാദ്: നവംബർ 19 ന് നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ മഴ പെയ്താൽ എന്തു ചെയ്യുമെന്ന ചർച്ച സോഷ്യൽ മീഡിയകളിൽ കൊഴുക്കുകയാണ്. കൊൽക്കത്തയിൽ നടന്ന രണ്ടാം സെമി ഫൈനലിനിടയിൽ മഴ എത്തിയെങ്കിലും ഒരോവർ പോലും ഉപേക്ഷിക്കാതെ മത്സരം നടന്നിരുന്നു. എന്നാൽ കലാശപ്പോരിൽ മഴ മത്സരം തടസപ്പെടുത്തിയാൽ എന്ത് പ്രതിവിധിയായിരിക്കും ഐസിസി സ്വീകരിക്കാൻ പോകുന്നത് എന്ന ചർച്ചയാണ് സോഷ്യൽ മീഡിയകളിൽ മുറുകുന്നത്.

അഹമ്മദാബാദിൽ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മഴ ഭീഷണി കാര്യമായിട്ടില്ലെന്നാണ് കാലാവസ്ഥ പ്രവചനം. എന്നാല്‍ ചെറിയ ശതമാനം മഴ സാധ്യത കൽപ്പിക്കുന്നതാണ് ക്രിക്കറ്റ് ആരാധകരുടെ ആശങ്കയ്ക്ക് കാരണം. മഴ കളി മുടക്കിയായി അവതരിച്ചാൽ ഏതെങ്കിലും ടീമിനെ വിജയിയായി പ്രഖ്യാപിക്കുമോ? അതോ റിസര്‍വ് ഡേ ആയിരിക്കുമോ? എന്ന ചോദ്യമാണ് ആരാധകർ പ്രധാനമായും ഉയർത്തുന്നത്.

സാധാരണ പ്രധാന ടൂർണമൻ്റുകളിൽ മഴ സാധ്യത മുന്നിൽക്കണ്ട് റിസർവ് ഡേ പ്രഖ്യാപിക്കാറുണ്ട്. സെമിയിൽ റിസര്‍വ് ഡേ ഉണ്ടായിരുന്നു. റിസര്‍വ് ഡേ നിയമം സാധാരണ ഫൈനലുകളിലും ബാധകമാണ്. എന്നാല്‍ ഇത് വേണമോ വേണ്ടയോ എന്നത് ഐസിസിയുടെ തീരുമാനമാണ്. റിസർവ് ഡേ ഇതുവരെ പ്രഖ്യാപിക്കാത്തതിനാൽ ഞായറാഴ്ച തന്നെ മത്സരം പൂർത്തിയാക്കാനാണ് സാധ്യത കൂടുതൽ. ഇരു ടീമുകളിൽ ഏതെങ്കിലും ഒരു ടീം കുറഞ്ഞത് 20 ഓവറെങ്കിലും കളിക്കാത്ത സാഹചര്യത്തിലാണ് റിസര്‍വ് ഡേയുടെ സാധ്യതകള്‍. അങ്ങനെ സംഭവിച്ചാല്‍ മത്സരം നിര്‍ത്തിയിടത്തുനിന്ന് പിറ്റേ ദിവസം ആരംഭിക്കും.

ഇത്തവണത്തെ ഫൈനലില്‍ ഏതെങ്കിലും കാരണത്താല്‍ മഴ പെയ്യുകയോ മത്സരം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരികയോ ചെയ്താല്‍ റിസര്‍വ് ഡേ ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ഫൈനൽ യോഗ്യത നേടിയ ടീമുകൾ കിരീടം പങ്കിടും. പ്രാഥമിക ഘട്ടത്തിലെ ഒന്നാം സ്ഥാനവും സെമിയിലെ വിജയത്തിന്റെ വലിപ്പവുമൊന്നും ബാധകമല്ലെന്ന് സാരം.

ഇന്ത്യയും ഓസിസുമാണ് ഏകദിന ക്രിക്കറ്റിലെ ലോകരാജാക്കൻമാർ ആരെന്ന് തെളിയിക്കാൻ കലാശപ്പോരിന് ഇറങ്ങുന്നത്. ടൂർണമെൻ്റിൽ കളിച്ച 10 മത്സരങ്ങളും ജയിച്ച് തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. സെമിയില്‍ ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശക്കളിക്ക് യോഗ്യത നേടിയത്. ദക്ഷിണാഫ്രിക്കയെ തകര്‍ത്തായിരുന്നു ഓസ്‌ട്രേലിയ ഫൈനൽ ടിക്കറ്റുറപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top