വരും മണിക്കൂറുകൾ നിർണായകം; മുണ്ടക്കൈയിൽ വീണ്ടും ആശങ്ക
മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് ആശങ്ക സൃഷ്ടിച്ച് വീണ്ടും മഴ. തിരച്ചിൽ തുടരുന്ന പലയിടത്തും തുടര്‍ച്ചയായ മഴ മൂലം മണ്ണിടിഞ്ഞ് വീഴുമെന്ന സ്ഥിതിയാണുള്ളത്. അതിനിർണായക ഘട്ടത്തിലൂടെയാണ് ഇപ്പോൾ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. പ്രതികൂല കാലാവസ്ഥയും പരിമിതികളും വെല്ലുവിളിയുണ്ടാക്കുന്ന സാഹചര്യത്തിൽ രക്ഷാദൗത്യം ഏതുരീതിയിൽ മുന്നോട്ട് പോകണം എന്നതിനെപ്പറ്റി ഇന്ന് തീരുമാനമുണ്ടാകും.
ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ദുരന്തത്തിൽ മരണം 282 ആയി. മരണസംഖ്യ ഉയർന്നേക്കും എന്നാണ് സൂചന. 240പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല. കല്ലുകളും ചെളിയും നിറഞ്ഞ മണ്ണിനടിയിലും കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിലും ഇപ്പോഴും നിരവധിപേർ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. ഒട്ടേറെ കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങളെയടക്കം ഇനിയും കണ്ടെത്താനുണ്ട്. മഴ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ പ്രദേശത്ത് എത്തിച്ച് തിരച്ചിൽ പുരോഗമിക്കുകയാണ്.
സൈന്യത്തിൻ്റെ നേതൃത്വത്തിൽ മുണ്ടക്കൈയിലേക്കുള്ള ബെയ്‌ലി പാലത്തിൻ്റെ നിർമാണം അവസാനഘട്ടത്തിലാണ്. ദ്രുതഗതിയിലാണ് നിർമാണപ്രവർത്തനം നടക്കുന്നത്. അധികം വൈകാതെ പാലംപണി പൂർത്തിയാകും എന്നാണ് സൂചന. പാലംപണി പൂർത്തിയായാൽ രക്ഷാപ്രവർത്തനം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here