ഗവര്‍ണര്‍ സൃഷ്ടിക്കുന്നത് കീഴ്‌വഴക്കമില്ലാത്ത പ്രതിസന്ധി; ഉദ്യോഗസ്ഥര്‍ക്ക് എതിരായ നിലപാട് വിചിത്രം

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. ഭരണപരമായ കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ഇനി രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചത്. മുഖ്യമന്ത്രിയുടെ സ്വര്‍ണക്കടത്ത് പരാമര്‍ശത്തില്‍ വിശദീകരണം നല്‍കാന്‍ വിളിപ്പിച്ചിട്ടും ചീഫ് സെക്രട്ടറിയും ഡിജിപിയും എത്താഞ്ഞതോടെയാണ് ഗവര്‍ണര്‍ നിലപാട് കര്‍ക്കശമാക്കിയത്. ഉദ്യോഗസ്ഥര്‍ക്ക് പകരം ഇനി മുഖ്യമന്ത്രിയോ മന്ത്രിമാരോ വന്നാല്‍ മതിയെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

ഭരണപരമായ പ്രശ്നങ്ങളില്‍ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥരെ വിളിപ്പിക്കുന്നത് സാധാരണമാണ്. ഇനി വിശദീകരണം ചോദിച്ചാല്‍ മന്ത്രിമാര്‍ വന്നാല്‍ മതിയെന്ന നിര്‍ദേശം തലവേദനയാകുക മന്ത്രിമാര്‍ക്ക് തന്നെയാകും. കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തമായി വിശദീകരണം നല്‍കാന്‍ കഴിയുക ഉദ്യോഗസ്ഥര്‍ക്കാണ്. ഗവര്‍ണറുടെ നിര്‍ദേശം വന്നതോടെ ഭരണപരമായ പ്രതിസന്ധിയാണ് വരാന്‍ പോകുന്നത്. ബില്ലുകളിലും ഓര്‍ഡിനന്‍സുകളിലും ഒപ്പിടേണ്ടത് ഗവര്‍ണറാണ്. നൂറു വിശദീകരണമാകും ഇനി ഗവര്‍ണര്‍ ചോദിക്കുക. ഉത്തരം നല്‍കിയില്ലെങ്കില്‍ വീണ്ടും വീണ്ടും മന്ത്രിമാര്‍ക്ക് വരേണ്ടി വരും.

സ്വര്‍ണക്കടത്തിലൂടെയുള്ള പരാമര്‍ശം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ‘ഹിന്ദു’അഭിമുഖത്തിലെ പരാമര്‍ശത്തിനാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്രയും ഗുരുതരമായ കാര്യങ്ങള്‍ അറിഞ്ഞിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് ഭരണത്തലവനായ തന്നെ അറിയിച്ചില്ല എന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 10ന് കത്തുനൽകിയിട്ടും ഒക്ടോബര്‍ 8ന് മാത്രമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top