‘മമിത അടുത്ത സായ് പല്ലവി’; ഇന്ത്യന്‍ സിനിമയിലെ ഏറ്റവും നല്ല അഭിനേതാക്കളെ സൃഷ്ടിക്കുന്നത് മലയാളമെന്നും രാജമൗലി

മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററായ പ്രേമലു, മറ്റ് രണ്ട് വമ്പന്‍ തെലുങ്ക് ചിത്രങ്ങളായ ഭീമ, ഗാമി എന്നിവയ്‌ക്കൊപ്പമാണ് മാര്‍ച്ച് 8ന് ഹൈദരാബാദിലെ തിയറ്ററുകളില്‍ റിലീസിനെത്തിയത്. എന്നാല്‍ ഈ സിനിമകളെയെല്ലാം പിന്നിലാക്കിയാണ് പ്രേമലുവിന്റെ ബോക്‌സ് ഓഫീസിലെ കുതിപ്പ്. ഇതേത്തുടര്‍ന്ന് ഹൈദരാബാദില്‍ ഒരു വിജയാഘോഷ പരിപാടിയും നടന്നിരുന്നു. പരിപാടിയില്‍ മുഖ്യാതിഥിയായത് പ്രശസ്ത സംവിധായകന്‍ എസ്.എസ്. രാജമൗലി ആയിരുന്നു.

ചടങ്ങില്‍ സംസാരിക്കവേ, രാജമൗലി മലയാള സിനിമാ വ്യവസായത്തെ അഭിനന്ദിക്കുകയും പ്രേമലുവിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു. മലയാളം സിനിമാ മേഖല ഇന്ത്യന്‍ സിനിമയില്‍ മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് വളരെയധികം അസൂയയോടും വേദനയോടും കൂടി ഞാന്‍ സമ്മതിക്കുന്നു എന്നാണ് അദ്ദേഹം പരിപാടിയില്‍ അഭിപ്രായപ്പെട്ടത്. സദസ് നിറഞ്ഞ കയ്യടിയോടെയാണ് രാജമൗലിയുടെ വാക്കുകളെ സ്വീകരിച്ചത്.

നസ്ലെനും മമിത ബൈജുവും അഭിനയിച്ച മലയാളം സിനിമയെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും അതുകൊണ്ടു തന്നെ തന്റെ മകന്‍ പ്രേമലുവിന്റ വിതരണാവകാശം സ്വന്തമാക്കിയപ്പോൾ സന്തോഷം തോന്നിയിരുന്നില്ലെന്നും രാജമൗലി പറഞ്ഞു. “എന്നാല്‍ സിനിമ കണ്ട നിമിഷം ഞാന്‍ ഞെട്ടിപ്പോയി. എനിക്ക് സിനിമയും അഭിനേതാക്കളുടെ പ്രകടനങ്ങളും വളരെ ഇഷ്ടപ്പെട്ടു. സായ് പല്ലവിയെ പോലെ പ്രേക്ഷകരുടെ ഹൃദയം കവരാന്‍ മമിത ബൈജുവിന് കഴിയും.”

“ഞാന്‍ കോമഡി റൊമാന്റിക് സിനിമകളുടെ ആരാധകനല്ല. മനസ്സില്ലാമനസ്സോടെയാണ് സിനിമ കാണാന്‍ പോയത്. എന്നാല്‍ കോമഡി, ഡ്രാമ, വികാരങ്ങള്‍ എന്നിവ ഈ സിനിമയില്‍ ആവിഷ്‌കരിച്ച രീതി ഗംഭീരമായിരുന്നു,” രാജമൗലി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top