സൂപ്പര്‍ താരങ്ങള്‍ ഒറ്റഫ്രെയ്മില്‍; 21 വര്‍ഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയില്‍ രജിനിയും കമലും

ഇന്ത്യൻ സിനിമിയയിലെ പകരം വെക്കാനില്ലാത്ത രണ്ട് ഇതിഹാസങ്ങളാണ് ഉലകനായകൻ കമലഹാസനും സ്റ്റൈൽ മന്നൻ രജനികാന്തും. 21 വർഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയിൽ ചിത്രീകരണത്തിനിടെ ഇരുവരും കണ്ടുമുട്ടി. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന രജനികാന്ത് നായകനാകുന്ന തലൈവർ 170 കമൽ ഹാസൻ നായകനാകുന്ന ഇന്ത്യൻ 2 എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെ ചെന്നൈയിലെ സ്റ്റുഡിയോയിൽ വച്ചാണ് താരങ്ങൾ കണ്ടുമുട്ടിയത്. ഇരുവരുടെയും ഫോട്ടോ പങ്കുവെച്ചു കൊണ്ട് രണ്ട് സിനിമകളും നിർമിക്കാനായതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് എക്സിൽ കുറിച്ചു.

21 വര്‍ഷം മുമ്പ് കമല്‍ ഹാസന്റെ പഞ്ചതന്ത്രം, രജിനികാന്തിന്റെ ബാബ എന്നീ സിനിമകളുടെ ചിത്രീകരണവും ഒരേസമയത്ത് ഇതേ സ്റ്റുഡിയോയില്‍ വച്ചായിരുന്നു നടന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ട് സിനിമകളുടെ ചിത്രീകരണത്തിനായി താരങ്ങള്‍ സ്റ്റുഡിയോയില്‍ ഒന്നിച്ചെത്തുന്നത്. ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണം തൊട്ടടുത്ത് നടക്കുന്നുണ്ടെന്നറിഞ്ഞ രജിനികാന്ത്, കമലിനെ കാണാനായി ഷൂട്ടിങ് സൈറ്റില്‍ വരുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകരെ അറിയിച്ചു. എന്നാല്‍ വിവരമറിഞ്ഞ കമല്‍ഹാസന്‍ രജിനിക്ക് സര്‍പ്രൈസ് നല്‍കിക്കൊണ്ട് സ്റ്റൈല്‍ മന്നന്റെ സെറ്റിലേക്ക് ആദ്യം എത്തി.

കമൽഹാസനും ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. ലൈക്ക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്‌കരൻ നിർമിച്ച ഈ ചിത്രം 1996-ലെ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

രജനികാന്തിന്റെ 170 മത് ചിത്രമാണ് തലൈവർ 170. റിട്ട. പോലീസ് ഓഫീസറുടെ വേഷത്തിൽ രജനികാന്ത് എത്തുന്ന ചിത്രം ജയ്ഭീംലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിം​ഗ്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദ​ഗ്ഗുബട്ടി, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് തലൈവർ 170ന്റെയും സം​ഗീത സംവിധാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top