രജനികാന്തിന്റെ തലൈവർ170 ഇനി വേട്ടയ്യൻ; റിലീസ് അടുത്ത വർഷം

തലൈവർ 170 എന്ന് താത്കാലികമായി പേര് നൽകിയ രജനികാന്തിന്റെ 170-ാമത് ചിത്രത്തിന് ഔദ്യോഗികമായി പേരിട്ടു. വേട്ടയ്യൻ എന്നാണ് ചിത്രത്തിന്റെ പേര്. ടി ജെ ജ്ഞാനവേലാണ് സംവിധാനം. രജനികാന്തിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ പേര് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. ഒപ്പം ടൈറ്റിൽ ടീസറും റിലീസ് ചെയ്തു. അടുത്ത വർഷം റിലീസ് ചെയ്യുന്ന ചിത്രത്തിൽ പോലീസ് വേഷത്തിൽ ആണ് രജനികാന്ത് എത്തുന്നത്.
ജയിലർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനികാന്ത് നായകനായി എത്തുന്ന ചിത്രമാണ് വേട്ടയ്യൻ. ഫഹദ് ഫാസിൽ, മഞ്ജുവാര്യർ, റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രജനികാന്തിനൊപ്പം മഞ്ജുവും ഫഹദും അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. തിരുവനന്തപുരത്ത് ആയിരുന്നു വേട്ടയ്യന്റെ ഷൂട്ടിങ്ങിന് തുടക്കമായത്. വെള്ളയാണിയിലും ശംഖുമുഖത്തും ആയിരുന്നു ആദ്യ ഷെഡ്യൂൾ.
ടി ജെ ജ്ഞാനവേൽ തന്നെയാണ് വേട്ടയ്യന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ലൈക പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here