രജനീകാന്തിനൊപ്പം കപില്‍ദേവ്; ‘ലാല്‍ സലാമു’മായി എത്തുന്നത് ഐശ്വര്യ രജനീകാന്ത്

ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ലാൽസലാമിൽ വേഷമിടുന്നു. അടുത്തിടെയാണ് കപിൽ ദേവ് ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയത്. ഹിന്ദി, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുള്ള കപിൽദേവിന്റെ ആദ്യ തമിഴ് ചിത്രമാണ് ലാൽ സലാം.

മുജ്സെ ഷാദി കരോഗി, ഇഖ്ബാൽ, സ്റ്റാമ്പ്ഡ് തുടങ്ങിയ ചിത്രങ്ങളിൽ കപിൽ ദേവ് അതിഥി വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. ലാൽസലാമിലും കപിൽ ദേവ് അതിഥി വേഷത്തിലാകും എത്തുക. 1983 ലെ ക്രിക്കറ്റ് ലോകകപ്പിലെ ക്യാപ്റ്റനായിരുന്ന കപിൽ ദേവിന്റെ ബയോപിക്കായിരുന്നു 83 എന്ന ഹിന്ദി ചിത്രം. രൺവീർ സിംഗായിരുന്നു കപിൽ ദേവായി ചിത്രത്തിൽ വേഷമിട്ടത്.

വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാല്‍ സലാം 2024-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹിറ്റുകളിൽ ഒന്നാണ്.
രജനീകാന്ത് മൊയ്തീൻ ഭായ്‌ എന്ന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയാണ് ചിത്രം നിർമ്മിക്കുന്നത്.

ദീപാവലിയോട് അനുബന്ധിച്ച് ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ “നിങ്ങൾ സ്പോര്‍ട്സില്‍ മതം കലർത്തി കുട്ടികളുടെ മനസ്സിൽ വിഷം കലർത്തി” എന്ന് രജനീകാന്ത് പറയുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് ടീസർ വൈറലായത്. ടീസറിൽ നിന്നും വ്യക്തമാണ് ക്രിക്കറ്റിന്റെയും രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം.

33 വർഷത്തെ നീണ്ട ഇടവേള അവസാനിപ്പിച്ചാണ് ‘ലാൽ സലാമി’ലൂടെ ജീവിത രാജശേഖർ തമിഴ് സിനിമാലോകത്തേക്ക് തിരിച്ചുവരവ് നടത്തുന്നത്. രജനീകാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ സഹോദരിയായാണ് ജീവിത രാജശേഖർ സ്‌ക്രീനിലെത്തുക. നിരോഷ, തമ്പി രാമയ്യ, സെന്തിൽ, തങ്കദുരൈ തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

എട്ട് വർഷത്തിനുശേഷമാണ് ഐശ്വര്യ രജനീകാന്ത് വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നത്. തമിഴ് ആക്ഷൻ-ത്രില്ലർ വൈ രാജ വൈ ആയിരുന്നു ഐശ്വര്യ അവസാനം സംവിധാനം ചെയ്ത സിനിമ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top