കര്‍ണാടക ഉപമുഖ്യമന്ത്രിയെ തള്ളി രാജരാജേശ്വര ക്ഷേത്രം ദേവസ്വം; മൃഗബലി നടന്നെന്ന് ഡി.കെ.ശിവകുമാര്‍ പറഞ്ഞത് സത്യവിരുദ്ധം; പ്രസ്താവനയില്‍ നിരാശ മാത്രം

കണ്ണൂര്‍: രാജരാജേശ്വര ക്ഷേത്ര പരിസരത്ത് മൃഗബലി നടന്നെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ പ്രസ്താവനയ്ക്ക് എതിരെ ക്ഷേത്രം ദേവസ്വം രംഗത്ത്. ക്ഷേത്രപരിസരത്ത് ഒരു മൃഗബലിയും യാഗവും നടന്നിട്ടില്ലെന്നും ക്ഷേത്രത്തെ വിവാദത്തിലേക്ക് തള്ളിവിട്ടത് ശരിയായില്ലെന്നും ദേവസ്വം ബോര്‍ഡ് അംഗം ടി.ടി.മാധവന്‍ പറഞ്ഞു.

“കര്‍ണാടക ഉപമുഖ്യമന്ത്രി പറഞ്ഞത് നൂറു ശതമാനവും സത്യവിരുദ്ധമാണ്. രാജരാജേശ്വര ക്ഷേത്രത്തില്‍ ശത്രുസംഹാരപൂജയില്ല. പ്രസ്താവനയില്‍ നിരാശയുണ്ട്. ക്ഷേത്ര പരിസരത്തും ഇത്തരമൊരു യാഗം നടന്നതായി വിവരമില്ല. കർണാടക മുൻമുഖ്യമന്ത്രി യെദ്യൂയൂരപ്പ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ക്ഷേത്രത്തിൽ വരാറുണ്ട്. അതുകൊണ്ട് ഒരുപക്ഷേ തെറ്റിദ്ധാരണ ഉണ്ടായതാവാം.” – മാധവന്‍ പറഞ്ഞു.

കർണാടക സർക്കാരിനെ താഴെയിറക്കാന്‍ കേരളത്തിൽ മൃഗബലിയടങ്ങുന്ന ശത്രു ഭൈരവീയാഗം നടക്കുന്നതായാണ് വാര്‍ത്താസമ്മേളനത്തില്‍ ശിവകുമാര്‍ ആരോപിച്ചത്. “രാജരാജേശ്വര ക്ഷേത്രം കേന്ദ്രീകരിച്ച് പ മൃഗബലിയും യാഗവും നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പങ്കെടുത്ത ആളുകൾ തന്നെയാണ് ഈ വിവരങ്ങൾ എന്നെ അറിയിച്ചത്. ആരാണ് ഇത്തരം പൂജകൾ നടത്തുന്നതെന്ന വിവരവും ലഭിച്ചിട്ടുണ്ട്.” ശിവകുമാർ മാധ്യമങ്ങളോടു പറഞ്ഞു.

കേരളത്തില്‍ വന്‍വിവാദത്തിനാണ് ശിവകുമാറിന്റെ പ്രസ്താവന തിരികൊളുത്തിയത്. കേരളത്തില്‍ മൃഗബലി നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പിന്നെ എങ്ങനെ മൃഗബലി നടക്കുമെന്നായിരുന്നു ചോദ്യം. ക്ഷേത്രം ഭാരവാഹികള്‍ രംഗത്ത് എത്തുന്നതിന് മുന്‍പ് തന്നെ മന്ത്രി ആര്‍. ബിന്ദുവും ഡി.കെ.ശിവകുമാറിന്റെ പ്രസ്താവന തള്ളിയിരുന്നു. “മൃഗബലിക്ക് എന്നും പ്രബുദ്ധ കേരളം എതിരായിരുന്നു. അസംബന്ധം നിറഞ്ഞതാണ് ശിവകുമാറിന്റെ പ്രസ്താവന.” ബിന്ദു പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഇത്തരത്തിൽ എന്തെങ്കിലും സംഭവമുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top