ആദ്യഘട്ട പട്ടികയില്‍ പേരില്ലാതെ വസുന്ധര രാജെ; പ്രതിഷേധവുമായിഅണികളും; രാജസ്ഥാനില്‍ ബിജെപി നേരിടുന്നത് വന്‍ വെല്ലുവിളി

ന്യൂഡൽഹി: രാജസ്ഥാൻ ആദ്യഘട്ട ബിജെപി സ്ഥാനാർഥിപ്പട്ടികയിൽ സ്ഥാനം ലഭിച്ചില്ലെങ്കിലും മുൻമുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യക്ക്‌ സീറ്റുകിട്ടുമെന്ന് സൂചന. രാജസ്ഥാനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുനടക്കുന്ന മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് മൂന്നാംഘട്ട സ്ഥാനാർഥിപ്പട്ടികയിലാണ് ഇടംലഭിച്ചത്. സമാനരീതിതന്നെയായിരിക്കും രാജസ്ഥാനിലും ബിജെപി പിന്തുടരുന്നതെന്നാണ് സൂചന. വസുന്ധര രാജെയുടെ പ്രാധാന്യം കുറയ്ക്കാനും മോദിയും രാജസ്ഥാന്‍ കോൺഗ്രസും തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കാനും വേണ്ടിയാണ് ആദ്യഘട്ട പട്ടികയില്‍ നിന്ന് സിന്ധ്യയുടെ പേര്‍ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ആദ്യപട്ടികയിൽ വസുന്ധരയ്ക്ക് സ്ഥാനം ലഭിക്കാതിരുന്നത് രാജസ്ഥാനിൽ അണികൾക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട പ്രതിഷേധങ്ങളുമുയർന്നു. എന്നാൽ, കാത്തിരിക്കാനാണ് വസുന്ധരപക്ഷക്കാരോട് പാർട്ടിനേതൃത്വം നിർദേശിച്ചിരിക്കുന്നത്.‌ ബി.ജെ.പി.യുടെ ദേശീയ ഉപാധ്യക്ഷകൂടിയായ വസുന്ധര 2003, 2008, 2013, 2018 വർഷങ്ങളിൽ ഝൽറാപട്ടൻ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അതേസമയം ആദ്യഘട്ട പട്ടികയിൽ സ്ഥാനംകിട്ടാത്തതിൽ നിരാശരായ ചില നേതാക്കളും അവരുടെ അണികളും പരസ്യപ്രതിഷേധത്തിന് ഇറങ്ങുകയും പാർട്ടിപതാക കത്തിക്കുകയുമൊക്കെ ചെയ്തത് ബിജെപിക്ക് നാണക്കേടായി. ഇവരില്‍ പലരും വസുന്ധര രാജെയുടെ അടുത്ത അനുയായികളാണ് .

സ്ഥാനാർഥിപ്പട്ടികയ്ക്കെതിരേ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി ബിജെപി പ്രത്യേകസംഘത്തെ നിയോഗിച്ചു. മുഖംതിരിച്ചുനിൽക്കുന്നവരുമായി കേന്ദ്രസഹമന്ത്രി കൈലാസ് ചൗധരി നയിക്കുന്ന സംഘം ചർച്ചനടത്തുമെന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top