ലൈംഗിക പീഡകരുടെ വരിയുടയ്ക്കണമെന്ന് ഗവര്‍ണര്‍; ഭരണഘടനയ്ക്കും നീതി നിര്‍വഹണത്തിനും പുല്ലുവില

ബലാത്സംഗ കേസിലെ പ്രതികളെ പരസ്യമായി കൈകാര്യം ചെയ്യണമെന്നും അവരുടെ വൃഷണങ്ങള്‍ ഛേദിച്ച് എറിയണമെന്നും രാജസ്ഥാന്‍ ഗവര്‍ണര്‍ ഹരിഭാവ് ബാഗഡെ. മഹാരാഷ്ട്രയിലെ ഒരു പഞ്ചായത്തില്‍ തെരുവുപട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. ഗ്രാമവാസികള്‍ സംഘടിതമായി നായ്ക്കളെ വന്ധീകരിച്ചു. അതോടെ പട്ടികളുടെ ശല്യം കുറഞ്ഞു. ഇതേ തന്ത്രം ലൈംഗിക പീഡകരോടും നടപ്പാക്കണം. അവരെ കല്യാണം കഴിക്കാന്‍ അനുവദിക്കരുതെന്ന് ഗവര്‍ണര്‍ രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭരത് പൂര്‍ജില്ലാ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഗവര്‍ണര്‍ ഈ ആവശ്യം ഉന്നയിച്ചത്.

ഗവര്‍ണര്‍ ഹരിഭാവ് ബാഗഡെ ഇതാദ്യമായല്ല ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നത്. രാജസ്ഥാനില്‍ മതപരിവര്‍ത്തന കേസുകളും ബലാത്സംഗ സംഭവങ്ങളും നിരന്തരം റിപ്പോര്‍ട് ചെയ്ത ഘട്ടങ്ങളിലൊക്കെ ബിജെപി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ പതിവാണ്. മഹാരാഷ്ട്രയിലെ മുന്‍ നിയമസഭാ സ്പീക്കറും ആര്‍എസ്എസ് നേതാവുമായ ബാഗഡെയുടെ നിലപാടുകള്‍ സംസ്ഥാന സര്‍ക്കാരിനും കടുത്ത തലവേദന ആയിരിക്കുകയാണ്. മറാത്തയിലെ ഭരണാധികാരിയായിരുന്ന ശിവജിയുടെ ഭരണകാലത്ത് നിയമ ലംഘകര്‍ക്കും പീഡനവീരന്മാര്‍ക്കും കടുത്ത ശിക്ഷ ലഭിക്കുന്ന പതിവുണ്ടായിരുന്നു. അതു കൊണ്ട് അവര്‍ നിയമത്തെ ഭയന്നിരുന്നു. ഇന്നാ സ്ഥിതിയില്ല. കുറ്റവാളികള്‍ക്ക് നിയമത്തെ ഭയമില്ലാതായെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ബലാത്സംഗവീരന്‍മാരെ പൊതുമധ്യത്തില്‍ ജനങ്ങള്‍ കൈകാര്യം ചെയ്യണം. എങ്കില്‍ മാത്രമേ കുറ്റവാളികള്‍ക്ക് ഭയമുണ്ടാകയുള്ളു. സ്ത്രീകളെ ഉപദ്രവിക്കുന്നവരോട് ഒരു ദയയും ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയുടെ നിയോജക മണ്ഡലത്തില്‍ ഗര്‍ഭിണിയായ ദളിത് യുവതിയെ അവരുടെ മൂന്ന് വയസുള്ള മകന്റെ മുന്നില്‍ വെച്ച് ഈ മാസം എട്ടിന് ഒരു പോലീസുകാരന്‍ ബലാത്സംഗം ചെയ്ത സംഭവമുണ്ടായി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരക്കാരെ പരസ്യമായി കൈകാര്യം ചെയ്യണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങളുണ്ടായാല്‍ പോലീസ് വരുന്നതുവരെ കാത്തിരിക്കേണ്ട കാര്യമില്ല. ജനങ്ങള്‍ സംഘടിച്ച് ഇവരെ അടിച്ച് ഒതുക്കണമെന്ന് സ്‌കൂള്‍ കുട്ടികളെ അഭിസംബോധന ചെയ്തു കൊണ്ട് ഗവര്‍ണര്‍ ബാഗഡെ കഴിഞ്ഞ മാസം 24ന് നടത്തിയ പ്രസംഗവും വലിയ വിവാദമായിരുന്നു. ഇത്തരം സംഭവങ്ങളില്‍ നിയമം കൈയ്യിലെടുക്കേണ്ടി വന്നാല്‍ നിങ്ങളെ ആരും കുറ്റപ്പെടുത്തില്ല. ഹിന്ദു പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സംഭവങ്ങളുണ്ടായാല്‍ നിശബ്ദരായി ഇരിക്കരുത്. ഹിന്ദു മതത്തില്‍ നിന്ന് മതം മാറുന്നവരോട് ദയ കാണിക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top