പാതാളത്തില്‍ നിന്നും ജലധാര; അപ്രത്യക്ഷയായ സരസ്വതി നദി പൊന്തിവന്നെന്ന് നാട്ടുകാര്‍; ‘ആർട്ടിഷ്യൻ വെൽ’ എന്ന് ജിയോളജി വകുപ്പ്

രാജസ്ഥാനിലെ ജയ്‌സാൽമീറിലെ താരാനഗർ ഗ്രാമത്തില്‍ നിന്നും ഭൂഗർഭം ജലം വലിയ രീതിയില്‍ പുറത്തേക്ക് ചീറ്റിവന്നു. സവിശേഷമായ ഒരു പ്രതിഭാസത്തിനാണ് ഗ്രാമം സാക്ഷ്യം വഹിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ആ ജലധാര അപ്രത്യക്ഷമായി. ഈ ഭാഗത്ത് കൂടി ഒഴുകുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത സരസ്വതി നദിയാണ് പൊങ്ങിവന്നതെന്ന് പറഞ്ഞ് നാട്ടുകാര്‍ രംഗത്തുവന്നതോടെയാണ് വിവാദം തുടങ്ങിയത്.
സപ്തനദികളിൽ നാലാം സ്ഥാ നത്തുള്ള നദിയാണ് സരസ്വതി നദി. ബ്രഹ്മാവിനെ പ്രതിനിധീകരിക്കുന്ന നദിയാണ് ഇതെന്നാണ് ഹൈന്ദവ സങ്കല്പം. 4000 വർഷങ്ങൾക്കു മുൻപ് അപ്രത്യക്ഷമായ നദിയാണിത്. എന്താണ് ഈ തിരോധാനത്തിന്റെ കാരണം എന്ന് ഇന്നും വ്യക്തമല്ല. സരസ്വതി നദി വീണ്ടും തിരി നീട്ടി എന്ന് തെളിഞ്ഞതോടെ അത് കാണാന്‍ ജനക്കൂട്ടം തന്നെ എത്തി. ജലം കെട്ടിനിന്ന് ഏക്കര്‍ കണക്കിന് ഭൂമിയും ഒരു ട്രക്കും കുഴല്‍ക്കിണര്‍ കുഴിക്കാന്‍ കൊണ്ടുവന്ന ഡ്രില്ലിംഗ് മെഷീനും നശിക്കുകയും ചെയ്തു.
ജയ്‌സാൽമീറിലെ മോഹൻഗഡിലെ കർഷകൻ വെള്ളത്തിനായാണ് കുഴൽക്കിണർ കുഴിച്ചത്. 850 അടിയോളം കുഴിച്ചപ്പോൾ ഭൂമിയിൽ നിന്ന് വെള്ളം മുകളിലേക്ക് ജലധാര കണക്ക് കുത്തിച്ചുയര്‍ന്നു. വെള്ളത്തിനൊപ്പം തീപിടിക്കാത്ത വാതകവും അവിടെ നിറഞ്ഞു. വെള്ളം നിറഞ്ഞ് വലിയ കുഴിയും രൂപപ്പെട്ടു. ഇതോടെയാണ് രാജസ്ഥാന്‍ ജിയോളജി വകുപ്പ് രംഗത്തുവന്നത്. ഇത് ആർട്ടിഷ്യൻ വെൽ (artesian wells) ആണെന്ന് അവര്‍ കാരണങ്ങള്‍ നിരത്തി ചൂണ്ടിക്കാട്ടി. ഭൂമിയുടെ ഉപരിതലത്തിന് താഴെയുള്ള അവശിഷ്ടങ്ങളുടെ പാളികൾക്കും മണ്ണിനും ഇടയിൽ സംഭരിക്കപ്പെട്ടിരിക്കുന്ന ജലമാണ് ഇത്.
കുഴൽക്കിണറുകളിലൂടെയോ കിണറുകളിലൂടെയോ ഒഴുകുന്ന വെള്ളത്തിൽ നിന്ന് വ്യത്യസ്തമാണിത്. അത് ജലധാരപോലെ ഭൂമിക്കടിയില്‍ നിന്നും മുകളിലേക്ക് കുതിക്കും. ആ പ്രതിഭാസം എപ്പോള്‍ തുടങ്ങും എപ്പോള്‍ അവസാനിക്കും എന്നൊന്നും പറയാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പഴയ റോമൻ നഗരമായ ആർട്ടിസിയവുമായി ഇതിന് ബന്ധമുണ്ട്. മധ്യകാലഘട്ടത്തിൽ ഈ രീതിയിലുള്ള ആർട്ടിഷ്യൻ വെൽ (artesian wells) അവര്‍ കുഴിച്ചിരുന്നുവെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here