സിദ്ധാർത്ഥന്റെ കേസ് സിബിഐക്ക് ഇതുവരെ കൈമാറിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ; വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചത് തെളിവ് നശിപ്പിക്കാനെന്ന് ആരോപണം

തിരുവനനതപുരം: പൂക്കോട് വെറ്ററിനറി കോളജിൽ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇതുവരെ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. കേസ് സിബിഐക്ക് കൈമാറുമെന്ന് ഉത്തരവ് ഇറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും തുടർനടപടി വൈകുന്നത്തിന്റെ കാരണമാണ് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേസ് സിബിഐക്ക് കൈമാറാൻ വൈകുന്നതും സസ്‌പെൻഡ് ചെയ്ത 33 വിദ്യാർത്ഥികളെ വൈസ് ചാൻസലർ തിരികെ എടുത്തതും തെളിവ് നശിപ്പിക്കാനുള്ള ശ്രമമായാണ് തോന്നുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ച് ഒൻപതിനാണ് കേസിൽ സിബിഐ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ഉത്തരവിറക്കുകയും ചെയ്തത്. സിബിഐ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം വന്നതോടെ പോലീസും കേസ് അന്വേഷണത്തിൽ നിന്ന് പിന്മാറിയ സ്ഥിതിയാണ്. തൽക്കാലത്തേക്ക് പ്രതിഷേധം അവസാനിപ്പിക്കാനാണോ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്ന ആശങ്കയിലാണ് കുടുംബം.
ഫെബ്രുവരി 18നാണ് സിദ്ധാർത്ഥനെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമായ ആൾക്കൂട്ട വിചാരണക്ക് സിദ്ധാർത്ഥൻ വിധേയനായെന്നാണ് വിവരം. രണ്ട് സീനിയർ വിദ്യാർത്ഥികൾ ഉൾപ്പെടെ 33 പേരുടെ സസ്പെൻഷൻ വെറ്ററിനറി സർവകലാശാല വൈസ് ചാന്‍സലര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഗവർണർ പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. നടപടി റദ്ദാക്കണമെന്ന് വൈസ് ചാൻസലർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here