തീവ്രവാദത്തെ എതിര്‍ക്കുന്നവരെ വര്‍ഗീയ വിഷമെന്ന് വിളിക്കും, പിണറായി വിധ്വംസക ശക്തികളെ പ്രീണിപ്പിക്കുന്നു; മുഖ്യമന്ത്രിക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍

കൊച്ചി : കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. തന്നെ വര്‍ഗീയവാദി എന്ന് വിളിക്കാന്‍ എന്ത് ധാര്‍മ്മികതയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. തീവ്രവാദത്തെ എതിര്‍ക്കുമ്പോള്‍ വര്‍ഗീയവാദിയെന്ന് വിളിക്കുന്നത് ശരിയല്ല. അഴിമതിയും പ്രീണനവും അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തുമ്പോള്‍ വര്‍ഗീയവാദി എന്ന് പറഞ്ഞ് മറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

വിധ്വംസക ശക്തികളെ പ്രീണിപ്പിച്ചതിന്റെ ചരിത്രമുണ്ട് കേരളത്തില്‍. ഇടതുപക്ഷവും കോണ്‍ഗ്രസും ഒരു പോലെ ഇതിന് കൂട്ടുനില്‍ക്കുകയാണ്. തനിക്ക് എല്ലാ മതവിഭാഗങ്ങളുമായും നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. ഒരു വിഭാഗത്തിന് മേല്‍ കുറ്റം ചുമത്താനുള്ള മത്സരം ഒരിക്കലും നടത്തിയിട്ടില്ല. മുന്‍വിധിയോട് കൂടി സമീപിച്ചിട്ടുമില്ല. ഹമാസിനെ കേരളത്തിലെ ഒരു ചടങ്ങില്‍ പങ്കെടുപ്പിച്ച വിഷയമാണ് താന്‍ ഉയര്‍ത്തിയത്. ഹമാസ് നടത്തുന്ന കൂട്ടകൊലയെ കുറിച്ച് മൗനം പാലിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. സ്വരാജും മുനീറും ഹമാസ് സ്വതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവര്‍ എന്ന് പറയുമ്പോള്‍ കേരളത്തിലെ യുവാക്കള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

തന്റെ രാഷ്ട്രീയ ആരോപണങ്ങളും അവിശ്വാസവും മുഖ്യമന്ത്രിക്ക് നേരെയാണ്.എലത്തൂര്‍ സംഭവം ഭീകരാക്രമണം അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ആക്രമണത്തില്‍ പിന്നീട് സാക്കിര്‍ നായിക്ക് ഗ്രൂപ്പിന്റെ പങ്ക് വ്യക്തമായി. ഇത് പറഞ്ഞാലും വര്‍ഗീയവാദി എന്ന് വിളിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തിയതിനു പിന്നാലെ ഇന്ന സര്‍വ്വകക്ഷിയോഗത്തിലും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top