രാജീവ് ചന്ദ്രശേഖറിനെ ആര് തിരുത്തും? അഞ്ച് വര്‍ഷം പഴയ വീഡിയോയുമായി കേന്ദ്രമന്ത്രി, ഉപദ്രവിക്കരുതെന്ന് പാസ്‌പോര്‍ട്ട് ഉടമയുടെ കുടുംബം

സോന ജോസഫ്‌

തിരുവനന്തപുരം : ഫോണ്‍ നമ്പറുകളും വീട്ടിലെ വരവുചിലവ് കണക്കുകളും കുറിച്ചുവച്ച് നശിപ്പിച്ച ഒരു പാസ്‌പോര്‍ട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പാസ്‌പോര്‍ട്ടിന്റെ പലവിധ ഉപയോഗങ്ങളെന്ന് തലക്കെട്ടിട്ട് തമാശ മട്ടില്‍ പോസ്റ്റുചെയ്ത ഇത് പക്ഷെ അഞ്ചുവര്‍ഷം പഴക്കമുള്ളതാണ്. പാസ്‌പോര്‍ട്ട് ആറ്റിങ്ങല്‍ സ്വദേശി രവികുമാറിന്റേത് ആയിരുന്നെന്നും അദ്ദേഹം ജീവിച്ചിരിക്കുന്നു പോലുമില്ല എന്നും മാധ്യമ സിന്‍ഡിക്കറ്റ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. അഞ്ചുവര്‍ഷം മുമ്പിത് പ്രചരിച്ചതിനെ തുടര്‍ന്ന് കുടുംബം വളരെ ദുരിതത്തിലായെന്നും ഇനിയുമിത് തുടര്‍ന്നാല്‍ ഫോണ്‍ നമ്പറുകള്‍ മാറ്റേണ്ടിവരുമെന്നും രവികുമാറിന്റെ ബന്ധു രോഷത്തോടെ പറഞ്ഞു. അന്വേഷിക്കാന്‍ വിളിച്ച ഞങ്ങളോടും അവര്‍ രോഷം മറച്ചുവച്ചില്ല.

കടം വാങ്ങിയവരുടെയും കൊടുക്കാനുള്ളവരുടെയും ലിസ്റ്റ്, അയല്‍വാസികളുടെ വിവാഹത്തിന് സംഭാവന നല്‍കിയതിന്റെ കണക്ക്, പത്രക്കാരനും പാല്‍ക്കാരനും കൊടുക്കാനുള്ളത്, ചിട്ടി, പലചരക്ക് വാങ്ങിയതിന്റെ കണക്ക് എന്നിങ്ങനെയെല്ലാം കുറിച്ചുവച്ച് സാധാരണക്കാര്‍ വീട്ടില്‍ സൂക്ഷിക്കുന്ന ഡയറി പോലെയാണ് ദൃശ്യത്തില്‍ പാസ്‌പോര്‍ട്ട് കാണുന്നത്. മലയാളത്തില്‍ വിശദീകരണവും കേള്‍ക്കാം. കേന്ദ്രമന്ത്രിയുടെ പോസ്റ്റില്‍ ഇത് കണ്ടതോടെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു. ഇന്നുച്ചയോടെയാണ് ഇത് രാജീവ് ചന്ദ്രശേഖര്‍ ഷെയര്‍ ചെയ്തത്. ഡി പ്രശാന്ത് നായര്‍ എന്നയാള്‍ ഇന്നലെ ഇട്ട പോസ്റ്റാണ്, മുന്‍പിന്‍ നോക്കാതെ തമാശയെന്ന് പറഞ്ഞ് കേന്ദ്രത്തിലെ വിവര സാങ്കേതിക വകുപ്പിന്റെ ചുമതലക്കാരനായ മന്ത്രി ഏറ്റെടുത്തിരിക്കുന്നത്.

പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞതാണ്. ഉടമ രവികുമാര്‍ മസ്‌കറ്റിലായിരുന്നു. അദ്ദേഹം നാട്ടിലെത്തി മടങ്ങിയ ശേഷം അദ്ദേഹത്തിന്റെ ഭാര്യക്ക് പറ്റിയ അബദ്ധമായിരുന്നു ഇത്. ഇവരുടെ മകന്‍ തമാശക്ക് ഷൂട്ടുചെയ്ത വീഡിയോ പിന്നീട് പുറത്തുപോകുകയായിരുന്നു. ഇതിന്റെ പേരില്‍ ഇനിയാര്‍ക്കും ഉപദ്രവം ഉണ്ടാക്കരുത്; കുടുംബം അഭ്യര്‍ത്ഥിക്കുന്നു.

Logo
X
Top