ആരിഫ് മുഹമ്മദ് ഖാനെപ്പോലെ പുതിയ ഗവര്‍ണറും സര്‍ക്കാരുമായി എറ്റുമുട്ടുമോ; ആർലെകറുടെ വരവിനെ ഉറ്റുനോക്കി സിപിഎമ്മും സര്‍ക്കാരും
പുതിയ കേരള ഗവര്‍ണര്‍ ആയി രാജേന്ദ്ര വിശ്വനാഥ് ആർലെക൪ എത്തുമ്പോള്‍ ആശങ്കയോടെ സര്‍ക്കാരും സിപിഎമ്മും. ആരിഫ് മുഹമ്മദ് ഖാനെപ്പോലെ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ പുതിയ ഗവര്‍ണറും തുടരുമോ എന്നാണ് സര്‍ക്കാരും പാര്‍ട്ടിയും ഉറ്റുനോക്കുന്നത്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ ആയി പോകുന്നത് ബീഹാറിലേക്ക് ആണ്. ബീഹാര്‍ ഗവര്‍ണര്‍ ആയ രാജേന്ദ്ര വിശ്വനാഥ് ആർലെകറെ ആണ് കേരള ഗവര്‍ണര്‍ ആയി എത്തുന്നത്.
സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയ പല ബില്ലുകളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടിരുന്നില്ല. സർവകലാശാല നിയമ ഭേദഗതി ബിൽ അടക്കമുള്ളവ ഒട്ടേറെ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിടുകയും ചെയ്തിരുന്നു. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാന്‍ ഇതു കാരണം സര്‍ക്കാരിന് കഴിഞ്ഞില്ല. സര്‍ക്കാരിനെ വെല്ലുവിളിച്ച് വിസി നിയമനം അടക്കം ഗവര്‍ണര്‍ യഥേഷ്ടം നടത്തുകയും ചെയ്തു.
ആരിഫ് മുഹമ്മദ് ഖാന്‍ രീതിയില്‍ നിരന്തര ഏറ്റുമുട്ടലിന്റെ പാതയിലാണ് പുതിയ ഗവര്‍ണറും പോകുന്നതെങ്കില്‍ അത് സര്‍ക്കാരിന് പുതിയ തലവേദനകള്‍ സൃഷ്ടിക്കും. 2019 സെപ്റ്റംബർ 6ന് ആണ് ഗവര്‍ണര്‍ ആയി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റത്. ഇപ്പോള്‍ പദവിയില്‍ നിന്നും മാറുന്നത് വരെ അദ്ദേഹം സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു. ഈ പ്രശ്നം മുന്നില്‍ ഉള്ളതുകൊണ്ടാണ് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തന്നെ രംഗത്ത് എത്തിയത്.
പുതിയ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനൊപ്പം ഭരണഘടനാപരമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നാണ് ഗോവിന്ദന്‍ ആവശ്യപ്പെട്ടത്. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറാകണം. മുന്‍പുള്ള ഗവര്‍ണര്‍മാര്‍ പിന്തുടര്‍ന്ന രീതിയിലല്ല ആരിഫ് മുഹമ്മദ്‌ഖാന്‍ പ്രവര്‍ത്തിച്ചത്. ഇതില്‍ നിന്നും ഒരു മാറ്റം വേണം എന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്.
തീര്‍ത്തും ആര്‍എസ്എസ് സഹയാത്രികനാണ് രാജേന്ദ്ര വിശ്വനാഥ് ആർലെക൪. ഗോവയില്‍ മന്ത്രിയായിരുന്നു അദ്ദേഹം. 2021 ജൂലൈ 6നാണ് അദ്ദേഹം ഹിമാചൽ പ്രദേശ് ഗവർണറായത്. അതിനുശേഷം ബീഹാര്‍ ഗവര്‍ണറുമായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here