കോൺഗ്രസ് നേതാവും കുടുംബവും ഇസ്ലാം മതം സ്വീകരിക്കാന്‍ ഒരുങ്ങുന്നു; ഗുജറാത്ത് ബിജെപി സർക്കാർ മുൾമുനയിൽ

ദളിത് കോൺഗ്രസ് നേതാവിൻ്റെ ഭീഷണി ഗുജറാത്തിലെ ബിജെപി സർക്കാരിനെ വെട്ടിലാക്കി. ജുനഗഡ് സിറ്റി എസ് സി-എസ് റ്റി സെൽ പ്രസിഡൻ്റ് രാജേഷ് സോളങ്കിയാണ് ബിജെപിയേയും സംസ്ഥാന സർക്കാരിനേയും മുൾമുനയിൽ നിർത്തിയിരിക്കുന്നത്. തൻ്റെ മകനെ അകാരണമായി മർദ്ദിച്ച ബിജെപി എംഎൽഎ ഗീത്ബ ജഡേജയുടെ രാജി പാർട്ടി ആവശ്യപ്പെടുന്നില്ലെങ്കിൽ സ്വാതന്ത്ര്യ ദിനത്തിൽ തൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ഇസ്ലാം മതത്തിൽ ചേരുമെന്നാണ് രാജേഷിൻ്റെ പ്രഖ്യാപനം.

കഴിഞ്ഞ മെയ് മാസത്തിൽ രാജേഷിൻ്റെ മകനും എൻഎസ് യു ഐ നേതാവുമായ സഞ്ജയ് സോളങ്കിയും എംഎൽഎ യുടെ മകനായ ജ്യോതിരാദിത്യ സിംഗുമായി ഡ്രൈവിംഗിനെ ചൊല്ലി അടിപിടിയുണ്ടായി. ഇതിനെ തുടർന്ന് ജ്യോതിരാദിത്യയും പിതാവും അവരുടെ ചില അനുയായികളും ചേർന്ന് തന്നെ തട്ടിക്കൊണ്ടു പോയി മർദിച്ചുവെന്ന് കാട്ടി സഞ്ജയ് സോളങ്കി പോലീസിൽ പരാതി നല്കിയിരുന്നു. ഈ പരാതിയുടെ പേരിൽ ഈ മാസം ആറിന് ജ്യോതിരാദിത്യയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

മർദനത്തിന് നേതൃത്വം കൊടുത്ത ഗീത്ബ ജഡേജയുടെ ഭർത്താവിനെ പോലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്യുകയും എംഎൽഎ സ്ഥാനം രാജി വെക്കാൻ ബി ജെ പി സർക്കാർ ആവശ്യപ്പെടണമെന്നുമാണ് രാജേഷിൻ്റെ പ്രധാന ആവശ്യം. ജൂനഗഡിലെ പിന്നോക്ക – ദലിത് സംഘടനയുടെ നേതാവ് കൂടിയാണ് രാജേഷ് സോളങ്കി. തൻ്റെ മകനെ മർദിച്ചവർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ജൂനഗഡിലെ ഒരു സംഘം ദളിതർക്കൊപ്പം ഓഗസ്റ്റ് 15ന് ഇസ്ലാം മതം സ്വീകരിക്കുമെന്നാണ് ഇദ്ദേഹത്തിൻ്റെ മുന്നറിയിപ്പ്.

മതപരിവർത്തനം ചെയ്യുന്നതിന് സർക്കാരിൻ്റെ അനുമതി തേടാനുളള അപേക്ഷാ ഫോം ഇക്കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്ന് രാജേഷ് വാങ്ങി. എംഎൽഎക്കും ഭർത്താവിനുമെതിരെ നടപടി ഉണ്ടായില്ലെങ്കിൽ തൻ്റെ കുടുംബത്തിൽപ്പെട്ടവരുൾപ്പടെ 150ലധികം ദലിതർ ഇസ്ലാം മതത്തിലേക്ക് മാറുമെന്നാണ് ഇയാളുടെ താക്കീത്.

ഗാന്ധിനഗറിൽ നിന്ന് ജുനഗഡിലേക്ക് ഒരു റാലി തൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. അതിന് ശേഷം മുഖ്യമന്ത്രിക്കും ഗവർണർക്കും നടപടി ആവശ്യപ്പെട്ട് നിവേദനം നൽകാനാണ് ആലോചിക്കുന്നത്. എന്നിട്ടും നടപടി ഉണ്ടാവുന്നില്ലെങ്കിൽ ഓഗസ്റ്റ് 15നോ അതിനു ശേഷമോ മതപരിവർത്തനം ചെയ്യാനുള്ള നടപടിയിലേക്ക് കടക്കുമെന്ന് രാജേഷ് സോളങ്കി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഹിന്ദുമത വിശ്വാസികളായ ദളിതർ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇസ്ലാം മതം സ്വീകരിക്കുന്ന സാഹചര്യമുണ്ടായാൽ ദേശീയ തലത്തിൽത്തന്നെ വലിയ തിരിച്ചടിയാവും. അതിലുപരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനത്ത് നിന്നാണ് ദളിതർ മതപരിവർത്തന ഭീഷണി മുഴക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top