ഐശ്വര്യയെ പ്രതിരോധിച്ച് രജനികാന്ത്; ‘സംഘി’ ഒരു മോശം വാക്കാണെന്ന് മകള്‍ പറഞ്ഞിട്ടില്ല

രജനികാന്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകള്‍ കഴിഞ്ഞകുറേ കാലങ്ങളായി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചൂടേറിയ ചര്‍ച്ചാവിഷയമാണ്. താനൊരു ഹിന്ദുഭക്തനാണെന്ന് രജനികാന്ത് പറഞ്ഞിട്ടുണ്ടെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചുള്ള നിലപാട് താരം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ‘ലാല്‍ സലാം’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ, എല്ലാവരും കരുതുന്നതു പോലെ തന്റെ പിതാവ് ഒരു സംഘി അല്ലെന്ന് പറഞ്ഞ് സംവിധായികയും രജനിയുടെ മകളുമായ ഐശ്വര്യ രജനികാന്ത് രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സംഘി എന്നത് ഒരു മോശം വാക്കാണെന്ന് ഐശ്വര്യ പറഞ്ഞിട്ടില്ലെന്നായിരുന്നു രജനികാന്തിന്റെ മറുപടി. തിങ്കളാഴ്ച ചെന്നൈ വിമാനത്താവളത്തിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“സംഘി ഒരു മോശം വാക്കാണെന്ന് എന്റെ മകള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ആത്മീയതയുടെ പാതയില്‍ സഞ്ചരിക്കുന്ന തന്റെ പിതാവിനെ എന്തിനാണ് അത്തരത്തില്‍ മുദ്രകുത്തുന്നത് എന്ന് ചോദ്യം ചെയ്യുക മാത്രമാണ് ഐശ്വര്യ ചെയ്തത്. അതിന് മറ്റൊരു അര്‍ത്ഥവുമില്ല.”

ഐശ്വര്യ സംവിധാനം ചെയ്യുന്ന ‘ലാല്‍ സലാം’ എന്ന ചിത്രം മതസൗഹാര്‍ദത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും എല്ലാവരും സിനിമ കാണണമെന്നും രജനി കൂട്ടിച്ചേര്‍ത്തു. തന്റെ പിതാവ് ഒരു സംഘിയായിരുന്നെങ്കില്‍ ‘ലാല്‍ സലാം’ പോലൊരു സിനിമ ചെയ്യില്ലായിരുന്നു എന്നാണ് ഓഡിയോ ലോഞ്ചിനിടെ ഐശ്വര്യ പറഞ്ഞത്.

“ഞാന്‍ പൊതുവെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആളാണ്. എന്തെല്ലാമാണ് സംഭവിക്കുന്നതെന്ന് എന്റെ ടീം ആണ് എന്നെ അറിയിക്കുന്നത്. ഇടക്ക് അവര്‍ ചില പോസ്റ്റുകള്‍ കാണിക്കാറുമുണ്ട്. അവ കാണുമ്പോള്‍ എനിക്ക് ദേഷ്യം വരും. ഞങ്ങളും മനുഷ്യരാണ്. അടുത്ത കാലത്തായി പലരും എന്റെ അച്ഛനെ സംഘി എന്നാണ് വിളിക്കുന്നത്. അതിന്റെ അര്‍ത്ഥമെന്താണെന്ന് എനിക്കറിയില്ല. അങ്ങനെ ഞാന്‍ ഒരാളോട് സംഘി എന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്ന് ചോദിച്ചു. അവര്‍ പറഞ്ഞു, ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘി എന്ന് വിളിക്കുന്നതെന്ന്. ഈ അവസരത്തില്‍ ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രജനികാന്ത് ഒരു സംഘിയല്ല. ആയിരുന്നെങ്കില്‍ അദ്ദേഹം ‘ലാല്‍സലാം’ പോലൊരു ചിത്രം ചെയ്യില്ലായിരുന്നു,’ എന്നായിരുന്നു ഐശ്വര്യയുടെ വാക്കുകള്‍.”

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top