‘മഞ്ഞുമ്മല്‍ ബോയ്‌സിലെ ഓരോ സീനിനെക്കുറിച്ചും രജനികാന്ത് സംസാരിച്ചു’; തലൈവരെ വീട്ടില്‍ പോയി കണ്ട വിശേഷം പറഞ്ഞ് ചിദംബരം

മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് ബോക്‌സ് ഓഫീസിലും ചരിത്രം സൃഷ്ടിച്ചതോടെ തമിഴ് സിനിമാ മേഖലയിലും സംവിധായകന്‍ ചിദംബരം സ്റ്റാര്‍ ആയിരിക്കുകയാണ്. ചെന്നൈയിലെ വസതിയില്‍ മഞ്ഞുമ്മല്‍ ബോയ്സിന് വിരുന്നൊരുക്കിയ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രത്തെ കുറിച്ച് ദീര്‍ഘനേരം സംസാരിച്ചുവെന്ന് ചിദംബരം പറയുന്നു. ഓരോ സീനും രജനികാന്ത് ഓര്‍ത്തെടുക്കുകയും അതു ചിത്രീകരിച്ച രീതിയെ അഭിനന്ദിക്കുകയും ചെയ്തു. സിനിമയ്ക്കു പിന്നില്‍ ഇത്രയും യുവാക്കള്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ രജനികാന്ത് അമ്പരന്നെന്നും സംവിധായകന്‍ പറയുന്നു.
രജനികാന്തുമായുള്ള കൂടിക്കാഴ്ചയില്‍ മഞ്ഞുമ്മല്‍ ബോയ്സ് ചിത്രീകരണ സമയത്തെ നിരവധി ഓര്‍മകള്‍ അദ്ദേഹവുമായി പങ്കുവെച്ചതായി ചിദംബരം പറഞ്ഞു. കൂടാതെ മറ്റ് മലയാള സിനിമകളെക്കുറിച്ചും മലയാള സിനിമാ വ്യവസായത്തില്‍ നടക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഈ ആഴ്ച റിലീസ് ചെയ്യാനിരിക്കെ രജനികാന്ത് ടീമിന് ആശംസകള്‍ നേര്‍ന്നു.
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തെ പ്രശംസിച്ച് ആദ്യമെത്തിയത് ഉലകനായകന്‍ കമല്‍ഹാസന്‍ ആയിരുന്നു. സിനിമ കണ്ടതിന് ശേഷം കമല്‍ഹാസന്‍ ടീമിന് തന്റെ ഓഫീസില്‍ സ്വീകരണം നല്‍കിയിരുന്നു. ഗുണയുടെ സംവിധായകന്‍ സന്താന ഭാരതിയും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. ഗുണ എന്ന സിനിമയും ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന പാട്ടും ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാകില്ലായിരുന്നു എന്ന് സംവിധായകന്‍ ചിദംബരം മുമ്പ് പറഞ്ഞിട്ടുണ്ട്. തമിഴ് നാട്ടില്‍ നിന്നുമാത്രം ചിത്രം 50 കോടിക്കു മുകളില്‍ കളക്ഷന്‍ നേടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here