ആദ്യ ടോക്കൺ ആർക്ക്; കാസർഗോഡ് കളക്ട്രേറ്റിൽ നാടകീയ രംഗങ്ങൾ; കുത്തിയിരുന്ന് പ്രതിഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട് : നാമനിർദ്ദേശ പ്രത്രിക സമർപ്പിക്കുന്നതിന് ആദ്യ ടോക്കൺ ലഭിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രതിഷേധം. 9 മണി മുതൽ ക്യൂ നിൽകുന്ന തന്നെ തഴഞ്ഞ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ആദ്യ ടോക്കൺ നൽകാൻ ശ്രമം നടക്കുന്നു എന്ന് ആരോപിച്ചാണ് കളക്ട്രേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.
കളക്ട്രേറ്റിലെത്തി ആദ്യം വരി നിൽക്കുന്ന ആൾക്ക് ഒന്നാം നമ്പർ ടോക്കൺ നൽകുക. ഇതിൻറെ അടിസ്ഥാനത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ ഒൻപതു മണിക്ക് തന്നെ കളക്ട്രേറ്റിൽ എത്തി. എന്നാൽ അതിനുമുമ്പ് എൽഡിഎഫിന്റെ പ്രതിനിധി അസീസ് കടപ്പുറം ഓഫീസിൽ എത്തിയിരുന്നു. ഇക്കാര്യം ഓഫീസിൽ അറിയിച്ച ശേഷം സമീപത്തെ ബെഞ്ചിൽ ഇടതു പ്രതിനിധി ഇരിക്കുകയും ചെയ്തു. ഇത് ശ്രദ്ധിക്കാതെയാണ് രാജ്മോഹൻ ഉണ്ണിത്താൻ ആദ്യമെത്തിയെന്ന് അവകാശവാദം ഉന്നയിച്ചത്.
രാവിലെ 7 മണിക്ക് പ്രതിനിധി എത്തിയെന്നും ആദ്യ ടോക്കൺ എൽഡിഎഫിനാണെന്നും അറിയിച്ചതോടെയാണ് ഉണ്ണിത്താൻ പ്രകോപിതനായത്. അഭ്യാസം ഇറക്കേണ്ട എന്നും രാഷ്ട്രീയം കളിക്കാൻ ആണെങ്കിൽ കളക്ടർ വേണ്ടല്ലോയെന്നും പറഞ്ഞാണ് ഉണ്ണിത്താൻ പ്രതിഷേധം ആരംഭിച്ചത്. പോലീസ് അനുനയത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
താൻ വിശ്വാസിയാണ്. അതിനാൽ പത്രിക സമർപ്പണത്തിന് സമയവും കുറിച്ചിരുന്നു. എന്നാൽ ഇടതുപക്ഷത്തിനുവേണ്ടി വരണാധികാരി ഇത് അട്ടിമറിച്ചതായി ഉണ്ണിത്താൻ ആരോപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here