ആര്‍എസ്എസിനെ വെല്ലുവിളിച്ച് ജെയ്ക്; കേരളമൊട്ടാകെ ‘രാം കെ നാം’ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

കോട്ടയം: ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചത് ആര്‍എസ്എസ് തടഞ്ഞതിനുപിന്നാലെ ഡോക്യുമെന്ററി കേരളമൊട്ടാകെ കാണിക്കാന്‍ ഡിവൈഎഫ്ഐ. പ്രദര്‍ശന സ്ഥലവും സമയവും അറിയിച്ച സ്ഥിതിക്ക്, ചുണയുള്ള സംഘ പ്രചാരകര്‍ക്ക് സ്വാഗതമെന്ന് ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായ ജെയ്ക്.സി.തോമസ്‌ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കോളജ് യൂണിയന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രിയാണ് കോളജ് കവാടത്തിനുമുന്‍പില്‍ ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയത്. വിഖ്യാത ചലച്ചിത്രകാരന്‍ ആനന്ദ് പട്‌വർദ്ധൻ 1992ൽ നിർമ്മിച്ച ഡോക്യുമെന്ററിയാണ് രാം കെ നാം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുകയെന്ന ഉദ്ദേശത്തോടെ വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ പ്രചാരണവും അതിന്‍റെ പരിണിത ഫലങ്ങളും അതുമൂലമുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളുമാണ് പ്രമേയം.

ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി കോളജ് കവാടത്തിനുമുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് സംഘര്‍ഷാവസ്ഥയില്‍ ആയിരുന്ന കോളജിലേക്ക് പോലീസെത്തി പ്രദര്‍ശനം കോളജ് വളപ്പിനുള്ളിലേക്ക് മാറ്റുകയായിരുന്നു.

കോളജ് കവാടത്തിനുമുന്‍പില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള പിന്തുണ ഡിവൈഎഫ്ഐ അറിയിച്ചു. സംഘര്‍ഷം ഉണ്ടാക്കാനല്ല സമാധാനം നിലനിര്‍ത്താനാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്ന് ജെയ്ക് സി.തോമസ്‌ വ്യക്തമാക്കി. കേരളത്തിലുടനീളം പ്രദര്‍ശനം നടത്തുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top