“ഞാനപ്പോഴേ പറഞ്ഞില്ലേ”; ചെന്നിത്തല ചോദിക്കുന്നു സർക്കാരിനോട്

തിരുവനന്തപുരം: “അന്ന് ഞാൻ പറഞ്ഞതല്ലേ, ഈ ഗവർണറെ തിരിച്ചയക്കാൻ നടപടി വേണമെന്ന്; അപ്പോള്‍ നിങ്ങൾ ഒറ്റക്കെട്ടായി എന്നെ തോൽപിക്കാൻ നിന്നു; ഇന്നിപ്പോൾ നിങ്ങൾ ആവശ്യപ്പെടുന്നത് അതേ കാര്യമല്ലേ….” ചോദിക്കുന്നത് മറ്റാരുമല്ല, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ്. ചോദ്യം പിണറായി സർക്കാരിനോടാണ്.

2020ൽ പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ തള്ളിപ്പറയുകയും സംസ്ഥാന സർക്കാരിൻ്റെ നിലപാടുകളെ വെല്ലുവിളിക്കുകയുമായിരുന്നു ഗവർണർ. നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വനിയമവുമായി ബന്ധപ്പെട്ട ഭാഗം വായിക്കാതെ വിടുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ഗവര്‍ണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല നോട്ടീസ് നൽകിയത്. എന്നാലന്ന് തനിക്കെതിരെ മുഖ്യമന്ത്രിയും ഗവർണറും ഒന്നിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ അധ്യക്ഷനായ കാര്യോപദേശക സമിതി പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇന്ന് ഗവർണർക്കെതിരെ സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, അന്ന് ഗവർണർക്ക് പരിപൂർണ്ണ പിന്തുണയാണ് നൽകിയത്. എന്നിട്ട് ഇപ്പോൾ ഗവർണറെ മാറ്റണമെന്ന് പറഞ്ഞ് വിലപിക്കുന്നു. അന്ന് തനിക്കൊപ്പം നിന്നിരുന്നെങ്കിൽ ഈ ഗതി ഉണ്ടാകില്ലായിരുന്നു എന്നാണ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, ഇപ്പോൾ ഗവർണർക്ക് നേരേ നടക്കുന്ന അതിരുകടന്ന പ്രതിഷേധങ്ങൾക്കെതിരെയും ചെന്നിത്തല മാധ്യമ സിൻഡിക്കറ്റിനോട് നിലപാട് വ്യക്തമാക്കി. പ്രതിപക്ഷത്തിന് ഗവർണറോട് അഭിപ്രായ വ്യത്യാസമുള്ളപ്പോൾ അത് പ്രകടിപ്പിക്കും. എന്നാൽ ഇതുപോലെ വഴിതടഞ്ഞ് കൈകാര്യം ചെയ്യാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. സംസ്ഥാനത്ത് സ്വൈര്യമായി യാത്ര ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. ഗവർണർ സംസ്ഥാനത്തിൻ്റെ തലവനാണ്. അദ്ദേഹത്തെ വഴിനടത്താൻ സമ്മതില്ലെന്ന നിലപാട് ശരിയല്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

“തന്നെ കരിങ്കൊടി കാണിക്കുന്നവരെ വളഞ്ഞിട്ടടിക്കാൻ മുഖ്യമന്ത്രി ഗുണ്ടകളെ എർപ്പാടാക്കി. ഗവർണറെ കരിങ്കൊടി കാണിക്കുന്നവർക്ക് അത് ചെയ്യാനുള്ള സൗകര്യമൊരുക്കി. ഇത് എന്ത് നീതിയാണ്”, രമേശ് ചെന്നിത്തല ചോദിക്കുന്നു. “സംസ്ഥാനത്തിൻ്റെ തലവനായ ഗവർണറെ കരിങ്കൊടി കാണിച്ചാൽ കുഴപ്പമില്ല. അദ്ദേഹത്തിൻ്റെ കാറിനിട്ടടിച്ച് ഭീഷണിപ്പെടുത്തിയാൽ ഒരു പ്രശ്നവുമില്ല. മുഖ്യമന്ത്രിയെ വിദൂരത്ത് നിന്നു പോലും കരിങ്കൊടി കാണിച്ചാൽ ഗുണ്ടകളെ വിട്ട് മർദ്ദിക്കുകയും മുഖ്യമന്ത്രി അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.” ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

1989-ൽ ഗവർണറായിരുന്ന രാംദുലാരി സിൻഹയെ സർവകലാശാല ചാൻസലർ എന്ന നിലയിൽ വിമർശിക്കുന്ന പ്രമേയം നിയമസഭ അംഗീകരിച്ചിട്ടുണ്ട്. സർക്കാരിനെ മറികടന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കറ്റിലേക്ക് ഗവർണർ ചില പേരുകൾ ഉൾപ്പെടുത്തിയതായിരുന്നു പ്രമേയത്തിന് കാരണം. അന്ന് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചിരുന്നു. ഇന്നിപ്പോൾ ഭരണപക്ഷം ആരിഫ് മുഹമ്മദ് ഖാനെതിരെ ഉന്നയിക്കുന്നതും സമാന പ്രശ്നമാണ്. കേരള യൂണിവേഴ്സിറ്റി സെനറ്റിലേക്ക് നാലുപേരെ സർക്കാറിനെ മറികടന്ന് നിയമിച്ചതാണ് ഗവർണർക്കെതിരെയുള്ള എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനും വഴിതടയൽ സമരത്തിനും കാരണം. എന്നാല്‍ ഈ നിയമനങ്ങള്‍ ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

Logo
X
Top