ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം നിഷേധിക്കാതെ ചെന്നിത്തല; തെളിവുകള്‍ പുറത്തുവരുമെന്ന് ആശങ്ക; കെപിസിസിയില്‍ ഉന്നയിക്കാനൊരുങ്ങി എതിര്‍പക്ഷം
തിരുവനന്തപുരം: ബിജെപിയില്‍ അംഗത്വമെടുക്കാന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ആശയവിനിമയം നടത്തിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ കെപിസിസി നേതൃയോഗത്തില്‍ ചര്‍ച്ചയാകാന്‍ സാധ്യത. ചര്‍ച്ചകള്‍ 45 ശതമാനം പൂര്‍ത്തിയായിരുന്നുവെന്ന ദല്ലാളിന്റെ ആരോപണം ചെന്നിത്തല ഇതുവരെ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. മറ്റ് പല വിഷയങ്ങളിലും വേഗത്തില്‍ അഭിപ്രായം പറയാറുളള ചെന്നിത്തല ഇക്കാര്യത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൗനത്തിലാണ്.
അടുത്ത മാസം നാലിന് ചേരുന്ന കെപിസിസി യോഗത്തില്‍ ചെന്നിത്തല വിരുദ്ധര്‍ ഇക്കാര്യം ഉന്നയിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. ഗുരുതരമായ ആരോപണം പൊതുമധ്യത്തില്‍ ഉന്നയിച്ച വ്യക്തിക്കെതിരെ ഒരു വക്കീല്‍ നോട്ടീസു പോലും അയക്കാത്തതിന് പിന്നില്‍ ഭയപ്പെടുത്തുന്ന എന്തെങ്കിലും ഉണ്ടാകുമെന്നാണ് ചെന്നിത്തലയെ എതിര്‍ക്കുന്നവര്‍ പറയുന്നത്. കെപിസിസി പ്രസിഡന്റ്, ആഭ്യന്തര മന്ത്രി, മുന്‍ പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ അടര്‍ത്തി എടുക്കാന്‍ ബിജെപി ചൂണ്ടയിടുകയും അതില്‍ ഭാഗികമായി വിജയിക്കുകയും ചെയ്തുവെന്ന ദല്ലാളിന്റെ ആരോപണത്തെ നിഷേധിക്കാത്തതാണ് ഇവരെ ചൊടിപ്പിക്കുന്നത്.
ബിജെപിയില്‍ ചേരുന്നതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നിഷേധിക്കാത്തതിന് പിന്നില്‍ മറ്റ് പല താല്‍പര്യങ്ങളുമുണ്ടെന്നാണ് ആരോപണമുയരുന്നത്.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനുമായ രമേശ് ചെന്നിത്തലക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണം തള്ളിക്കളയാന്‍ കെപിസിസി നേതൃത്വവും തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവും, കെപിസിസി അധ്യക്ഷനും ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജനെ ചുറ്റിപ്പറ്റിയുള്ള വിവാദം സജീവമാക്കി നിര്‍ത്തുമ്പോഴും ബിജെപിയെ കടന്നാക്രമിക്കുന്നതില്‍ കെപിസിസി നേതാക്കള്‍ പിന്നോക്കം പോയി എന്ന വിമര്‍ശനം ശക്തമാണ്. ഇപി വിഷയത്തില്‍ ചെന്നിത്തല കാര്യമായ പ്രതികരണമൊന്നും നടത്താത്തതിന് പിന്നില്‍ ദല്ലാളിന്റെ ഭീഷണിയുണ്ടോ എന്ന് സംശയിക്കുന്നവരും പാര്‍ട്ടിക്കുള്ളിലുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here