സൈബര്‍ വിദഗ്ധരെ കോണ്‍ഗ്രസ് കണ്ടാല്‍ എന്താണ് കുഴപ്പം? സിപിഎമ്മിനാകാം മറ്റുള്ളവര്‍ക്ക് പാടില്ല എന്ന നിലപാട് ശരിയല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: സൈബർ ഗുണ്ടകളെ ഉപയോഗിച്ച് കോൺഗ്രസിനെ ആക്രമിക്കുന്ന മുഖ്യമന്ത്രിയാണ് കോൺഗ്രസ് സൈബർ വിദഗ്ധരെ കണ്ടുവെന്ന് പറഞ്ഞ് വിമർശിക്കുന്നതെന്ന് രമേശ് ചെന്നിത്തല. യുഡിഎഫിനെയും കോൺഗ്രസിനെയും സൈബർ ഗുണ്ടകളെ ഉപയോഗിച്ച് ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സംസ്ക്കാരം വളർത്തിയെടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ചെന്നിത്തല പറഞ്ഞു.
‘കോൺഗ്രസ് സൈബർ വിദഗ്ധരുമായി സംസാരിച്ചതിലെന്താണ് തെറ്റ്? ഇന്ന് ആധുനിക കാലഘട്ടത്തിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്ന വിദഗ്ധരുമായി സംസാരിക്കുന്നത് തെറ്റായ കാര്യമൊന്നുമല്ലല്ലോ? സിപിഎം ചെയ്യാറുണ്ടല്ലോ ? അവർക്ക് ആകാം ഞങ്ങൾക്ക് പാടില്ല എന്ന നിലപാട് ശരിയല്ല’ എന്നാണ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചത്.
സിപിഎമ്മിന്റെ സൈബർ ആക്രമണത്തിന്റെ ഏറ്റവും വലിയ ഇര താനാണെന്നും അന്നൊന്നും മുഖ്യമന്ത്രിക്ക് ആശങ്ക ഇല്ലായിരുന്നെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാദം ശരിയല്ല കോൺഗ്രസ് അത് അംഗീകരിക്കുന്നില്ല. ഇക്കാര്യത്തിൽ ഉറച്ച നിലപാടാണുള്ളത് . ആരെയും ആക്രമിക്കാനോ അപമാനിക്കാനോ മുന്നോട്ട് വരുന്ന പാർട്ടിയല്ല കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്താൻ കോൺഗ്രസ് സൈബർ വിദഗ്ധരെ ഉപയോഗിക്കുന്നെന്നും കെപിസിസി യോഗങ്ങളിൽ ഇവരെ പങ്കെടുപ്പിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കണ്ണൂരിൽ നടന്ന കുടുംബസംഗമത്തിൽ പറഞ്ഞിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here