എന്‍.എസ്.യു പ്രസിഡന്റാക്കി, ഹിന്ദി പ്രസംഗം കേട്ട് അഭിനന്ദിച്ചു, തുറന്ന ജീപ്പില്‍ ഒപ്പം സഞ്ചരിച്ചതില്‍ അഭിമാനം; ഇന്ദിരാഗാന്ധിയുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : രാജ്യം ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ രാഷ്ട്രീയ വഴിയില്‍ കൈപിടിച്ചുയര്‍ത്തിയ, അവസരങ്ങൾ നല്‍കിയ, അഭിനന്ദിച്ച നേതാവിനെ ഓര്‍മ്മിക്കുകയാണ്‌ രമേശ് ചെന്നിത്തല. എന്‍.എസ്.യു ദേശീയ അധ്യക്ഷനാക്കിയതും നാഗ്പ്പൂരില്‍ നടന്ന എന്‍.എസ്.യു സമ്മേളനത്തില്‍ തുറന്ന ജീപ്പില്‍ ഒപ്പം സഞ്ചരിച്ചതുമെല്ലാം നല്ല ഓര്‍മ്മകളാണെന്ന് ചെന്നിത്തല പറയുന്നു. ഇന്ദിരാഗാന്ധിയുമായി അടുത്ത്‌ പ്രവർത്തിക്കാൻ അവസരം ലഭിച്ച മലയാളികളിൽ ഏറ്റവും ഒടുവിലത്തെ തലമുറയിൽ പെട്ട നേതാവാണ് രമേശ് ചെന്നിത്തല. അവസാനകാലത്ത് കേരളത്തിൽ നിന്ന് ഇന്ദിര കൈപിടിച്ചുയർത്തിയ നേതാവാണ് ചെന്നിത്തല, അഥവാ അദ്ദേഹത്തിൻ്റെ ദേശീയതലത്തിലെ കരിയറിൻ്റെ തുടക്കം അവിടെയാണെന്നും പറയാം.

ദേശീയ പ്രസിഡന്റാക്കിയത് വിമാനത്താവളത്തില്‍ വച്ച്.

1982ല്‍ എന്‍.എസ്.യു ദേശീയ പ്രസിഡന്റായി തന്നെ നിയമിക്കാനുള്ള നിര്‍ദ്ദേശത്തില്‍ ഇന്ദിരാഗാന്ധി ഒപ്പു വച്ചത് മോസ്‌കോയിലേക്കുള്ള യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ സമയത്തായിരുന്നുവെന്ന് രമേശ് ചെന്നിത്തല ഓര്‍ക്കുന്നു. കെ.കരുണാകരന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയാണ് തന്നെ ദില്ലിയിലേക്ക് എത്തിച്ചത്. എന്‍.എസ്.യു ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കാനുളള നിര്‍ദ്ദേശം ഉള്‍പ്പെട്ട ഫയല്‍ വിമാനത്താവളത്തില്‍ എത്തിച്ചാണ് ഇന്ദിരാഗാന്ധി ഒപ്പുവച്ചത്. ഇരുപത്തിയാറാമത്തെ വയസില്‍ വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചതെന്ന് ചെന്നിത്തല പറയുന്നു.

1987 നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചതിനു പിന്നിലും ഇന്ദിരാഗാന്ധിയുടെ ഇടപെടലാണ്. ഹരിപ്പാട് മണ്ഡലത്തില്‍ സംസ്ഥാനത്തു നിന്നും നിര്‍ദ്ദേശിച്ച തന്റെ പേരിനൊപ്പം ഡല്‍ഹിയില്‍ നിന്നും മറ്റൊരു പേരുകൂടി ചേര്‍ക്കപ്പെട്ടു. എന്നാല്‍ എന്‍.എസ്.യു പ്രസിഡന്റിന് സീറ്റ് നല്‍കണമെന്ന ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശമാണ് തന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളം ഒരുക്കിയത്. ദില്ലിയിലെ ഒന്നാം നമ്പര്‍ അക്ബര്‍ റോഡിലെ ഔദ്യോഗിക വസതിയില്‍ സാധാരണക്കാരെ കാണുന്നതിനൊപ്പം കാത്ത് നിന്ന് ഇന്ദിരാഗാന്ധിയെ കണ്ടതും ചെന്നിത്തല ഓര്‍മ്മിക്കുന്നു. ഏറെ താല്പ്പര്യത്തോടെയും വാത്സല്യത്തോടെയുമാണ് എന്‍.എസ്.യുവിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചോദിച്ചറിഞ്ഞതെന്നും ചെന്നിത്തല ഓര്‍ക്കുന്നു.

തുറന്ന ജീപ്പിലെ ഒരുമിച്ചുള്ള യാത്രയും പ്രസംഗത്തിനുള്ള അഭിനന്ദനവും

നാഗ്പൂരിലെ എന്‍.എസ്.യു ദേശീയ സമ്മേളനമാണ് ഇന്ദിരാഗാന്ധിക്കൊപ്പമുള്ള ഏറ്റവും ഹൃദ്യമായ നിമിഷങ്ങളെന്നാണ് ചെന്നിത്തല പറയുന്നത്. ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഇന്ദിരാഗാന്ധിക്കൊപ്പം തുറന്ന ജീപ്പില്‍ സമ്മേളന വേദിയിലേക്കുള്ള യാത്ര ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. സമാപന സമ്മേളനത്തില്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഹിന്ദിയില്‍ പ്രസംഗിക്കാനാണ് ഇന്ദിരാഗാന്ധി ആവശ്യപ്പെട്ട്. ദീര്‍ഘമായ ആ പ്രസംഗത്തിനു ശേഷം പ്രസംഗിച്ച ഇന്ദിരാഗാന്ധി ഏറെ പ്രശംസിച്ചു. മുണ്ടും ഷര്‍ട്ടും ധരിച്ച തെക്കേ ഇന്ത്യയില്‍ നിന്നും വന്ന ചെറുപ്പക്കാരന്റെ ഹിന്ദിപ്രസംഗം അഭിനന്ദനം അര്‍ഹിക്കുന്നതാണ്‌ ദേശീയോദ്ഗ്രഥനത്തിന്റെയും ദേശീയഐക്യത്തിന്റേയും നല്ല സന്ദേശമാണ് ഇത് നല്‍കുന്നതെന്നുമായിരുന്നു ഇന്ദിരാഗാന്ധി പറഞ്ഞത്. ഇത് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രോത്സാഹനമാണെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു.

ഇന്ദിരാഗാന്ധിയുടെ മരണം ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു. മകനെ പോലെ കണ്ട വാത്സല്യം ഇനിയില്ല എന്നത് ഉള്‍ക്കൊള്ളാന്‍ ഒരുപാട് കാലങ്ങളെടുത്തുവെന്നും ചെന്നിത്തല പറഞ്ഞു.

Logo
X
Top